യൂണിയനുകളെ അഭിനന്ദിച്ച് വെള്ളാപ്പള്ളി

Friday 19 September 2025 11:32 PM IST

പത്തനംതിട്ട: എസ്. എൻ.ഡി.പി യോഗത്തിന്റെ പന്തളം, പത്തനംതിട്ട , റാന്നി യൂണിയനുകളെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിനന്ദിച്ചു.പത്തനംതിട്ട, പന്തളം യൂണിയനുകൾ ശക്തമാണ്. കുറഞ്ഞകാലം കൊണ്ടാണ് പ്രധാന റോഡിന്റെ വശത്ത് പന്തളം യൂണിയൻ മനോഹരമായ കെട്ടിടം പണിതത്. സീറോയിൽ നിന്ന് അവർ ഹീറോയായി. പന്തളം യൂണിയൻ പ്രസിഡന്റ് ഡോ. എ.വി ആനന്ദരാജും കൂട്ടരും അഭിനന്ദനമർഹിക്കുന്നു. സ്വന്തം മണ്ണിൽ നിന്ന് സംഘടനയെ കെട്ടിപ്പടുത്താണ് പത്തനംതിട്ട യൂണിയൻ മുന്നോട്ടു പോകുന്നത്. രണ്ടു യൂണിയനുകളും തനിക്ക് ജീവനെപ്പോലെയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. വിശ്വാസപൂർവം സംഘടനാ പ്രവർത്തനം നടത്താൻ ഏൽപ്പിച്ച പലരും എന്നെയും നിങ്ങളേയും ചതിച്ചു. യൂണിയന്റെ പ്രവർത്തനത്തെ കടുത്ത ബുദ്ധിമുട്ടിലാക്കി. ഈ പ്രതിസന്ധിഘട്ടത്തിലാണ് റാന്നിയൂണിയനിൽ അഡ്വ.മണ്ണടി മോഹൻ ചുമതലയിലെത്തിയത്. വിട്ടുവീഴ്ചയില്ലാത്ത സംഘടനാ പ്രവർത്തനത്തിലൂടെ പ്രതിസന്ധിഘട്ടത്തെ മറികടക്കാൻ ശാഖാ ഭാരവാഹികളെ സംഘടിപ്പിച്ച് നടത്തിയ പ്രവർത്തനം ശ്ളാഘനീയമാണ്. തുടർന്നും സംഘടനാ പ്രവർത്തനം കൂടുതൽ ഊർജ്ജ്വസ്വലമാക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.