സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി
പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട ,പന്തളം യൂണിയനുകളുടെ ശാഖാ നേതൃസംഗമം സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി . ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ നേതൃസംഗമം നടന്ന സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിലേക്ക് രണ്ട് യൂണിയനുകളിലെയും ശാഖാ ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ എത്തിക്കൊണ്ടിരുന്നു. ഓഡിറ്റോറിയത്തിന് മുൻവശത്ത് ഇരുവശങ്ങളിലുമായി രണ്ട് യൂണിയനുകളിലെയും ശാഖകൾക്കായി രജിസ്ട്രേഷൻ കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു. വനിതകളുടെയും, യുവാക്കളുടെയും സാന്നിദ്ധ്യം കൊണ്ട് സംഗമം ശ്രദ്ധേയമായി മാറി. സംഗമ നടപടികൾ നിയന്ത്രിക്കാനായി നൂറോളം വോളണ്ടിയേഴ്സിന്റെ സേവനം ലഭ്യമായിരുന്നു. വനിതകൾ സെറ്റ് സാരിയും മഞ്ഞ ബ്ലൗസും, പുരുഷന്മാർ മുണ്ടും വെള്ള ഷർട്ടും ധരിച്ചാണ് സംഗമത്തിന് എത്തിച്ചേർന്നത്. എല്ലാവർക്കും മഞ്ഞ ഷാൾ വിതരണം ചെയ്തിരുന്നു. ഓഡിറ്റോറിയത്തിന്റെ അകത്തും ബാൽക്കണിയിലും പുറത്തുമായി സംഗമത്തിന് എത്തുന്നവർക്ക് ഇരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിരുന്നു. ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞതോടെ പുറത്തെ പന്തലും നിറഞ്ഞിരുന്നു. ഓഡിറ്റോറിയത്തിന് അകത്തും പുറത്തും ക്ലോസ് സർക്യൂട്ട് ടിവിയിലൂടെ സമ്മേളന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരുന്നു. സംഗമത്തിനു മുമ്പായി വെള്ളാപ്പള്ളി നടേശന്റെ 30 വർഷത്തെ ഭരണ നേട്ടങ്ങൾ പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. സംഗമം നടന്ന സ്ഥലവും പത്തനംതിട്ട നഗരവും പീത പതാകകൾ കൊണ്ട് അലങ്കരിച്ചിരുന്നു. സമ്മേളനത്തിന് എത്തിയവർക്ക് ഉച്ചയ്ക്ക് പാനീയങ്ങളും, വൈകിട്ട് ഭക്ഷണപ്പൊതിയും വിതരണം ചെയ്തു. പത്തനംതിട്ട യൂണിയനിലെ 54 ശാഖകളിൽ നിന്നും, പന്തളം യൂണിയനിലെ 32 ശാഖകളിൽ നിന്നും, ശാഖാഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും സംഗമത്തിനായി എത്തിച്ചേർന്നു. സംഗമത്തിനുശേഷം വൈകിട്ട് 5 ന് സ്നേഹസംഗവും നടന്നു. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, യൂണിയൻ സെക്രട്ടറി ഡി. അനൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി .പി .സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം ഡയറക്ടർ ബോർഡ് അംഗം സി .എൻ. വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി. സോമനാഥൻ, പി .കെ. പ്രസന്നകുമാർ, പി. സലിംകുമാർ, പി. വി .രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ. ആർ .സലീലനാഥ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീല രവി, സെക്രട്ടറി സരള പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് അഡ്വ. രജിത ഹരി, ട്രഷറാർ ഗീത സദാശിവൻ, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി ശ്രീജു സദൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ ഗോകുൽ കൃഷ്ണ, വൈസ് ചെയർമാൻ സൂരജ് പിരാജ്, കൺവീനർ ആനന്ദ് പിരാജ്, പന്തളം യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ വാസവൻ, കൗൺസിലർമാരായ ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർക്കോണം, എസ്. ആദർശ്, ശിവജി, ഡോ. പുഷ്പാകരൻ, രാജീവ്, ഡോ. പുഷ്പാകരൻ, രാജീവ്, സുകുസുരഭി, വനിതാസംഘം സെക്രട്ടറി സുമ വിമൽ തുടങ്ങിയവർ പങ്കെടുത്തു.