കുറ്റവിമുക്തരുടെ വിവരങ്ങൾ നീക്കണം

Saturday 20 September 2025 12:00 AM IST

തിരുവനന്തപുരം: കോടതികൾ കുറ്റവിമുക്തരാക്കുന്നവരുടെ വിവരങ്ങൾ പൊലീസ് സ്റ്റേഷനുകളിലെ രജിസ്റ്ററുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പൊലീസ് ആസ്ഥാനത്തു നിന്ന് ഇക്കാര്യത്തിൽ സർക്കുലർ ഇറക്കണം. കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. കോടതി വെറുതേ വിട്ടെങ്കിലും പൊലീസ് രേഖകളിൽ നിന്ന് നീക്കം ചെയ്യാത്തതിനാൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയിലാണ് ഉത്തരവ്.

കുറ്റവിമുക്തരാക്കപ്പെടുന്നവരുടെ വിവരങ്ങൾ രേഖയിൽ നിന്ന് നീക്കാൻ പൊലീസ് മാന്വൽ പരിഷ്കരിക്കുകയാണെന്ന് ഡി.ജി.പി അറിയിച്ചു. 3 മാസത്തിനകം ഇത് പൂർത്തിയാക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. പൊതുപ്രവർത്തകനായ അജോ കുറ്റിക്കനാണ് പരാതി നൽകിയത്.