ജങ്കാർ സർവീസ് പൊന്നാനിയിൽ വീണ്ടും ആരംഭിക്കണം

Friday 19 September 2025 11:34 PM IST

പൊന്നാനി: വർഷങ്ങൾക്കുമുമ്പ് നിലച്ചു പോയ പൊന്നാനി -പടിഞ്ഞാറേക്കര ജങ്കാർ സർവീസ് വീണ്ടും ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നു. ഒരുകാലത്ത് വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും വ്യാപാരികൾക്കും വലിയ ആശ്വാസമായിരുന്ന ഈ സർവീസ് നിറുത്തലാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും, പുനരാരംഭിക്കാനുള്ള നീക്കങ്ങൾ ഇപ്പോഴും കടലാസിൽ ഒതുങ്ങിയിരിക്കുകയാണ്. രാവിലെ ഏഴുമണി മുതൽ വൈകുന്നേരം ഏഴു മണിവരെ പ്രവർത്തിച്ചിരുന്ന ജങ്കാർ സർവീസ്, പൊന്നാനി – തിരൂർ യാത്രികർക്കും ദീർഘദൂര യാത്രക്കാരും ഏറെ ആശ്രയിച്ചിരുന്ന ഗതാഗത സൗകര്യമായിരുന്നു. എന്നാൽ നഗരസഭയും സർവീസ് നടത്തിപ്പുകാരും തമ്മിലുള്ള കൂലി തർക്കമാണ് പ്രവർത്തനം തടസ്സപ്പെടുത്തിയത്. തുടർന്നു നഗരസഭ സർവീസ് പുനരാരംഭിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും, ഇന്നുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.

ഗതാഗത കുരുക്ക് ഒഴിവാക്കാൻ മികച്ച മാർഗം

ദേശീയപാത നിർമ്മാണ പ്രവൃത്തികൾ മൂലം പൊന്നാനി നഗരത്തിൽ, പ്രത്യേകിച്ച് ആനപ്പടി മുതൽ ചമ്രവട്ടം ജംഗ്ഷൻ വരെയുള്ള ഭാഗത്ത്, ദിവസേന ഗുരുതരമായ ഗതാഗത തടസ്സങ്ങൾ അനുഭവപ്പെടുന്നു. തിരൂരിലേക്ക് പോകുന്നതിനായി ഇന്ന് പലർക്കും 15 കിലോമീറ്റർ അധികം യാത്ര ചെയ്യേണ്ടി വരുന്നു. എന്നാൽ ജങ്കാർ സർവീസ് പുനരാരംഭിക്കുകയാണെങ്കിൽ, പൊന്നാനിയിൽ നിന്ന് തിരൂരിലേക്കുള്ള യാത്ര ഏറെ സുഗമവും സമയം ലാഭിക്കുന്നതുമായിരിക്കും.

ടൂറിസത്തിന് പുതിയ കരുത്ത്

നിലവിൽ പൊന്നാനി തീരദേശത്തെ നിളയോര പാത ഉൾപ്പെടെ നിരവധി ടൂറിസം കേന്ദ്രങ്ങൾ ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ ആകർഷിച്ചു കൊണ്ടിരിക്കുകയാണ്. ജങ്കാർ സർവീസ് പുനരാരംഭിച്ചാൽ, പൊന്നാനിയെയും തിരൂരിനെയും ബന്ധിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ തമ്മിൽ മികച്ച ബന്ധം സ്ഥാപിക്കപ്പെടും. ഇതിലൂടെ മലബാറിനെ തന്നെ വലിയൊരു ടൂറിസം ഹബ്ബാക്കി മാറ്റാൻ കഴിയും.പൊന്നാനി – തിരൂർ ടൂറിസം സർക്ക്യൂട്ട് കൂടുതൽ ജനപ്രിയമാകുമെന്നും പ്രതീക്ഷ.

പൊന്നാനി – പടിഞ്ഞാറേക്കര ജങ്കാർ സർവീസ് യാഥാർഥ്യമാകുന്നതോടെ, നാട്ടുകാർക്ക് യാത്രാസൗകര്യവും പ്രദേശത്തിന് സാമ്പത്തികടൂറിസം വളർച്ചയും ഉറപ്പായും ലഭിക്കും

നാട്ടുകാർ