കുട്ടിക്കാലം പറഞ്ഞ് കണ്ഠമിടറി വെള്ളാപ്പള്ളി

Friday 19 September 2025 11:34 PM IST

പത്തനംതിട്ട: എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട,​ പന്തളം യൂണിയനുകളുടെ നേതൃസംഗമത്തിൽ തന്റെ കുട്ടിക്കാലത്തെ കഷ്ടപ്പാടുകളെക്കുറിച്ച് പറഞ്ഞ വെള്ളാപ്പള്ളിയുടെ കണ്ഠമിടറി. തന്നെപ്പറ്റി വിമർശകൾ പറയുന്ന ആക്ഷേപങ്ങൾക്കുള്ള മറുപടിയിലാണ്

വെള്ളാപ്പള്ളി കുട്ടിക്കാലം ഒാർത്തത്: '' ഞാൻ ചിക്കുപായയിലിരുന്ന് വളർന്നു വന്നതാണ്. അന്ന് എന്റെ ശക്തി സ്ത്രീകളായിരുന്നു. ഇന്നും അതു തന്നെയാണ്. പുരുഷൻമാരെ തള്ളിപ്പറയുകയല്ല. ഞങ്ങളുടെ നാട്ടിൽ കുടികിടപ്പുകാരുണ്ടായിരുന്നു. എന്റെ അച്ഛനുമുണ്ടായിരുന്നു കുടികിടപ്പുകാർ. പറമ്പിൽ ഇഷ്ടംപോലെ നാളികേരമുണ്ടായിരുന്നു. അന്ന് മൊന്ത, കിണ്ടി, വാർപ്പ്, ഉരുളി എന്നിവയൊക്കെ പണയം വച്ചുള്ള പണം കൊണ്ടാണ് പാവങ്ങൾ ചികിത്സയ്ക്ക് പോയിരുന്നത്. അമ്മ വാങ്ങിത്തന്ന സ്കൂട്ടറുമായി ഞാൻ ഒാരോ വീട്ടിലുമെത്തുമായിരുന്നു. പാവങ്ങളുടെ ഒാലമേഞ്ഞ വീടുകളിൽ അന്ന് എനിക്ക് ഇരിക്കാൻ തന്നിരുന്നത് ചിക്കുപായ ആയിരുന്നു. കുരണ്ടിയും ബെഞ്ചും ഡെസ്കുമൊന്നും ആ വീടുകളിലുണ്ടായിരുന്നില്ല. പലചരക്ക് കടയിൽ പോയി റെസ്കും റൊട്ടിയും വാങ്ങി ചുക്കു കാപ്പിയിട്ടു തന്നിരുന്ന അമ്മമാർക്കൊപ്പം ഇരുന്ന് അവരുടെ വിഷമങ്ങളും ദുരിതങ്ങളും കേൾക്കുമായിരുന്നു. അയ്യായിരത്തോളം വീടുകളിൽ ഞാൻ ഒറ്റയ്ക്ക് പോയിരുന്നു. പറഞ്ഞറിയാക്കാൻ കഴിയാത്ത ദുരിതങ്ങൾ എന്നെ ദു:ഖിപ്പിച്ചു. ഇന്ന് കുടുംബ യൂണിറ്റുകൾ ഉണ്ടാക്കിയെങ്കിൽ അന്ന് ഞാൻ കുടുംബങ്ങളെ സഹായിക്കാൻ ഗ്രാമസ്വരാജ് സമിതിയും ഗ്രാമോദ്ധാരണ സമിതികളുമുണ്ടാക്കി. ഒരാേരുത്തർക്കും ഒാരോ തെങ്ങ് നമ്പരിട്ടു നൽകി. തേങ്ങയിട്ട് ലേലം ചെയ്ത് വിൽക്കും. തേങ്ങ വെട്ടിത്തന്നവർക്കെല്ലാം ലോൺ കൊടുക്കുമായിരുന്നു. പലിശ കുറച്ചു വാങ്ങും. സൊസൈറ്റികളും ബാങ്കുകളും സഹായിക്കാനില്ലാത്ത കാലത്ത് കല്ല്യാണത്തിനും ചികിത്സയ്ക്കുമൊക്കെ പാവങ്ങളെ സഹായിച്ചാണ് വളർന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.