ഇന്ത്യ ഇന്റർനാഷണൽ ടീ കൺവൻഷന് തുടക്കം

Saturday 20 September 2025 12:36 AM IST

കൊച്ചി: ഇന്ത്യ ഇന്റർനാഷണൽ ടീ കൺവൻഷന് കൊച്ചി​യി​ൽ തുടക്കമായി​. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് കൺവൻഷൻ സെന്ററിൽ കേന്ദ്ര വാണിജ്യ, വ്യവസായ സ്‌പെഷ്യൽ സെക്രട്ടറിയും ടീ ബോർഡ് ഇന്ത്യ ചെയർമാനുമായ എൽ. സത്യ ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷൻ ഒഫ് സതേൺ ഇന്ത്യയും (ഉപാസി) ടീ ബോർഡ് ഒഫ് ഇന്ത്യയുമായി ചേർന്നാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.

കേന്ദ്ര വാണിജ്യ, വ്യവസായ ജോയിന്റ് സെക്രട്ടറി കെസാങ് വൈ ഷെർപ്പ, സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവർ വിശിഷ്ടാതിഥികളായി. ഉപാസി പ്രസിഡന്റ് കെ. മാത്യു എബ്രഹാം, ഹിന്ദുസ്ഥാൻ യൂണിലിവർ ഗവേഷണ വികസന വിഭാഗം ഡയറക്ടർ ഗോവിന്ദ് ഹരിറാം, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് എം.ഡി സുനിൽ എ ഡിസൂസ, വാഖ് ബക്രി ടീ ഗ്രൂപ്പ് സി.ഇ.ഒ സഞ്ജയ് സിംഗാൾ, ഇന്ത്യൻ ടീ അസോസിയേഷൻ ചെയർമാൻ ഹേമന്ത് ബംഗൂർ, ടീ ബോർഡ് ഒഫ് ഇന്ത്യ ഡെപ്യൂട്ടി ചെയർമാൻ സി. മുരുകൻ തുടങ്ങിയവരും പങ്കെടുത്തു. കൺവൻഷന്റെ ഭാഗമായി, തേയില മേഖലയുമായി ബന്ധപ്പെട്ട വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മികച്ച സ്‌പെഷ്യാലിറ്റി തേയിലകളുടെ ശേഖരം പ്രദർശിപ്പിക്കുന്ന 'സ്‌പെഷ്യാലിറ്റി ടീ' മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന ഉപാസി വാർഷിക സമ്മേളനത്തിൽ വ്യവസായ മന്ത്രി പി.രാജീവ് മുഖ്യാതിഥിയാകും.