പിഴയും സർവീസ് ചാർജുകളും കുറയ്കണമെന്ന് റിസർവ് ബാങ്ക്

Friday 19 September 2025 11:37 PM IST
pi

കൊച്ചി:വിവിധ സേവനങ്ങൾക്ക് ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന സേവനങ്ങളുടെ ചാർജും പിഴകളും കുറയ്ക്കാൻ വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകി. പലിശ ഇതര വരുമാനം നേടാനായി മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനും ഡെബിറ്റ് കാർഡുകളുടെ വാർഷിക ചാർജായും തിരിച്ചടവ് മുടങ്ങുന്നതിന്റെ ഫീസായും വലിയ തുകയാണ് ബാങ്കുകൾ ഈടാക്കുന്നത്. ഉപഭോക്താക്കൾക്ക് ബാദ്ധ്യതയാകുന്ന ഇത്തരം ചാർജുകളും ഫീസും ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ വേണമെന്ന് റിസർവ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടു.

വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ, ചെറുകിട സംരംഭ വായ്പകൾ എന്നിവ എടുത്തിട്ടുള്ള ഉപഭോക്താക്കളെ പിഴിഞ്ഞ് ബാങ്കുകൾ കൊഴുക്കുന്നുവെന്ന് വ്യക്തമായതോടെയാണ് റിസർവ് ബാങ്ക് ഇടപെട്ടത്.

മിനിമം ബാലൻസ് പാലിച്ചില്ലെന്ന പേരിൽ ഉപഭോക്താക്കളിൽ നിന്ന് പതിനായിരം കോടി രൂപയിലധികമാണ് വാണിജ്യ ബാങ്കുകൾ ഓരോ വർഷവും സമാഹരിക്കുന്നത്. അതേസമയം അധിക ചാർജുകളും ഫീസുകളും കുറയ്ക്കാൻ നിർബന്ധിക്കില്ലെന്നാണ് റിസർവ് ബാങ്ക് നിലപാട്.

നിലവിൽ റീട്ടെയിൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന സർചാർജുകളിൽ കേന്ദ്ര ബാങ്കിന് യാതൊരു നിയന്ത്രണവുമില്ല. റീട്ടെയിൽ, ചെറുകിട സംരംഭ വായ്പകൾക്ക് 0.5 ശതമാനം മുതൽ 2.5 ശതമാനം വരെ പ്രോസസിംഗ് ഫീയാണ് ബാങ്കുകൾ ഈടാക്കുന്നത്. ഭവന വായ്പകൾക്ക് ചില ബാങ്കുകൾ 25,000 രൂപ വരെ പ്രോസസിംഗ് ഫീസ് ഈടാക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ ഇന്ത്യൻ ബാങ്കുകൾ പലിശ ഇതര വരുമാനമായി 51,610 കോടി രൂപയാണ് ഉപഭോക്താക്കളിൽ നിന്ന് സമാഹരിച്ചത്.