പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർ കരുതിയിരിക്കുക: വാട്സാപ്പ് പരാതിയിൽ ഈടാക്കിയത് 61.47 ലക്ഷം രൂപ പിഴ
തിരുവനന്തപുരം: മാലിന്യം വലിച്ചെറിയുന്നത് റിപ്പോർട്ട് ചെയ്യാൻ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കീഴിലുള്ള പൊതുജനങ്ങൾക്കായുള്ള സിംഗിൾ വാട്ട്സാപ്പ് നമ്പറിന് (9446700800) ഒരു വയസ്സ്. കഴിഞ്ഞ ഒരു വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 61,47,550 രൂപ പിഴ ചുമത്തിയിട്ടുണ്ട്. കൃത്യമായ തെളിവുകളോടെ വിവരം നൽകിയവർക്ക് 1,29,750 രൂപ പാരിതോഷികവും അനുവദിച്ചു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ചുമത്തിയ പിഴ 11.01 കോടി രൂപയാണ്. മാലിന്യം വലിച്ചെറിയുന്ന പരാതികൾ വാട്സാപ്പിലൂടെ റിപ്പോർട്ട് ചെയ്തവരെ മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. ഇൻഫർമേഷൻ കേരളാ മിഷനെയും ശുചിത്വമിഷനെയും,തദ്ദേശ സ്വയം ഭരണ വകുപ്പ് ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.
സിംഗിൾ വാട്ട്സാപ്പ് നമ്പറിലൂടെ ആകെ ലഭിച്ചത് 12,265 പരാതികളാണ്. ഏറ്റവുമധികം നിയമലംഘനങ്ങൾ വാട്ട്സാപ്പിലൂടെ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം (2100), എറണാകുളം (2028) ജില്ലകളിൽ നിന്നാണ്. കുറവ് വയനാട് ജില്ലയിൽ (155). മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിലവിൽ പിഴ അയ്യായിരം രൂപയും മലിനജലം പൊതുസ്ഥലത്തേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കിയാൽ അയ്യായിരം മുതൽ അൻപതിനായിരം വരെയും മാലിന്യമോ വിസർജ്യ വസ്തുക്കളോ ജലാശയങ്ങളിൽ നിക്ഷേപിക്കുന്നതിന് പതിനായിരം മുതൽ അൻപതിനായിരം രൂപയും ആറുമാസം മുതൽ ഒരു വർഷം വരെ തടവും ലഭിക്കും. നിരോധിത പ്ലാസ്റ്റിക് വിൽപ്പനയ്ക്ക് പതിനായിരം മുതൽ അൻപതിനായിരം വരെയാണ് പിഴ. ഇത്തരം നിയമലംഘനങ്ങൾ തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്ക് ചുമത്തുന്ന പിഴയുടെ നാലിലൊന്ന് തുകയാണ് പാരിതോഷികമായി ലഭിക്കുന്നത്.