രമണിക്കുട്ടി പഠിക്കുകയാണ്, എൺപതാം വയസിലും!
കൊല്ലം: പണ്ട് പാതി വഴിയിൽ മുറിഞ്ഞുപോയ പഠനം പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ് എൺപതു വയസുകാരി രമണിക്കുട്ടി.
കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയിലെ മൂന്നാം സെമസ്റ്റർ മലയാളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് ചാത്തന്നൂർ തിരുമുക്ക് എം.ഇ.എസ് കോളേജ് റോഡ് സ്വപ്നയിലെ ഈ റിട്ട. സർക്കാർ ഉദ്യോഗസ്ഥ. രണ്ടാം സെമസ്റ്ററിലെ മൂന്ന് പേപ്പറുകളുടെ പരീക്ഷ ബാക്കിയുണ്ട്. കിട്ടുന്ന സമയമെല്ലാം പഠനത്തിനായി മാറ്റി വയ്ക്കും. 1963ൽ പ്രീ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കി ബിരുദ പഠനത്തിന് ചേരാനിരിക്കേ വിവാഹം കഴിഞ്ഞു. 1967 ൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്കായി. ഇതോടെ തുടർ പഠനത്തിന് അവസരം ലഭിച്ചു. 1968ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഈവനിംഗ് ബാച്ചിൽ ചേർന്ന് ബി.എ ഫിലോസഫി പൂർത്തിയാക്കി. 2000ത്തിൽ പൂജപ്പുര എസ്.സി.ഇ.ആർ.ടിയിൽ നിന്ന് അക്കൗണ്ട്സ് ഓഫീസറായി റിട്ടയർ ചെയ്ത ശേഷം എം.എ സോഷ്യോളജിക്ക് ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. കഴിഞ്ഞവർഷം ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയിൽ എം.എയ്ക്ക് ചേർന്നു.
എഴുത്തും വരയും
കൂടുതൽ സമയവും വീടിനോട് ചേർന്നുള്ള എഴുത്തുപുരയിൽ ചെലവഴിക്കുന്ന രമണിക്കുട്ടി എണ്ണച്ചായത്തിലും അക്രിലിക്കിലുമായി നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ട്. രവിവർമ ചിത്രങ്ങളും ക്യാൻവാസിലേക്ക് പകർത്തി. നോവൽ, കഥ, യാത്രാവിവരണങ്ങൾ, ലേഖനങ്ങൾ എന്നിവയും രമണിക്കുട്ടിയുടേതായുണ്ട്. എം.ടി. വാസുദേവൻ നായരെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് എഴുത്തു തുടങ്ങിയത്. കിടപ്പു രോഗികളെ വീട്ടിൽ പോയി കണ്ട് ആശ്വാസം പകരുന്നത് നിശബ്ദ സേവനമായി കാണുന്നു. പെൻഷന്റെ ഒരു വിഹിതം രോഗികൾക്കായി മാറ്റിവയ്ക്കാറുമുണ്ട്. 'വൈദേഹി പറഞ്ഞത്' എന്ന നോവലാണ് ഏറ്റവുമൊടുവിൽ എഴുതിയത്.
എക്കാലത്തും വിദ്യാഭ്യാസം തരുന്ന ശക്തി വലുതാണ്. അറിവ് നേടാൻ പ്രായം തടസമാകരുത്
രമണിക്കുട്ടി