ഓച്ചിറ കാളകെട്ടുത്സവം: വൈദ്യുതി തടസം ഒഴിവാക്കാൻ ഭൂഗർഭ വൈദ്യുതി ലൈൻ
കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ടുത്സവത്തിന് സമീപ പ്രദേശങ്ങളിലെ അരലക്ഷത്തോളം ഉപയോക്താക്കളുടെ വൈദ്യുതി മുടങ്ങുന്ന അവസ്ഥ ഒഴിവാക്കാൻ വൈദ്യുതി ലൈനുകൾ ഭൂഗർഭ കേബിൾ സംവിധാനത്തിലേക്ക് മാറ്റുന്നത് പരിഗണനയിലാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു.
കെട്ടുകാഴ്ച കടന്നുപോകുന്ന നാല് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലായി ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ 75 കോടിയോളം ചെലവുണ്ടാവും. ക്ഷേത്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ എച്ച്.ടി- എൽ.ടി ലൈനുകൾ മാറ്റി ഭൂഗർഭ കേബിൾ ശ്യംഖല സ്ഥാപിക്കാൻ 10 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇതോടെ ക്ഷേത്ര പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും കെട്ടുകാഴ്ച മൂലമുള്ള വൈദ്യുതി തടസം ഒഴിവാക്കാനാവും.
ലൈനുകൾ മാറ്റുന്നതിനുള്ള ചെലവ് കെ.എസ്.ഇ.ബിക്ക് മുൻകൂറായി നൽകണം. എം.എൽ.എ, എം.പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നോ അമ്പലക്കമ്മിറ്റിയുടെ ഫണ്ടിൽ നിന്നോ മറ്റ് മാർഗങ്ങളിലൂടെയോ തുക കെ.എസ്.ഇ.ബിക്ക് അനുവദിച്ചാൽ പ്രവൃത്തി വേഗത്തിൽ നടത്താനാവും. 28ാം ഓണദിനമായ ഒക്ടോബർ മൂന്നിനാണ് ഈ വർഷത്തെ കെട്ടുകാഴ്ചയെന്നതിനാൽ നിലവിലെ രീതി തുടരണം. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് പുതിയ സംവിധാനത്തിലേക്ക് മാറാമെന്നും സി.ആർ.മഹേഷ് എം.എൽ.എയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അവധി പ്രഖ്യാപിക്കണം: എം.എൽ.എ
അഞ്ചുലക്ഷം പേർ പങ്കെടുക്കുന്ന ഓച്ചിറ കാളകെട്ടുത്സവം പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന് സി.ആർ.മഹേഷ് എം.എൽ.എ ആവശ്യപ്പെട്ടു. സാംസ്കാരിക വകുപ്പ് ഉത്സവത്തിനായി ഫണ്ട് അനുവദിക്കണം. 72അടി വരെയുള്ള കെട്ടുകാളകളെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്ന ഉത്സവമാണ്. ഓരോ വർഷവും വൈദ്യുതി ലൈനുകൾ അഴിക്കുന്നതിനും തിരികെ സ്ഥാപിക്കുന്നതിനും വലിയ തുക ക്ഷേത്ര ഭാരവാഹികൾ അടയ്‌ക്കേണ്ട സാഹചര്യമാണുള്ളതെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.