ഇരുപത്തിയെട്ടാം ഓണാഘോഷം: കരകളിൽ കാളകെട്ട് ഒരുക്കം

Saturday 20 September 2025 12:22 AM IST

ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണാഘോഷം വർണാഭമാക്കാൻ കരകളിൽ കാളകെട്ട് ഒരുക്കങ്ങൾ ആരംഭിച്ചു. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളിൽ നിന്നായി ചെറുതും വലുതുമായ ഇരുന്നൂറ്റിയൻപതിൽപ്പരം കെട്ടുകാളകളെയാണ് പടനിലത്തേക്ക് എഴുന്നെള്ളിക്കുന്നത്.

അഞ്ചിഞ്ച് ഉയരത്തിൽ ലോഹ നിർമ്മിത നന്ദികേശ രൂപം മുതൽ അമ്പത്തിയഞ്ച് അടി ഉയരമുള്ള കൂറ്റൻ കെട്ടുരുപ്പടികൾ വരെ അണിനിരക്കുന്ന പകൽക്കാഴ്ച ആസ്വദിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങളെത്തും. ഇരുന്നൂറോളം സ്ഥിരം സമിതികളാണ് കാളകെട്ടിന് നേതൃത്വം നൽകുന്നത്. ഓണം കഴിയുന്നതോടെ മിക്ക കരകളിലും കാളകെട്ടിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. കെട്ടുരുപ്പടി സ്വന്തമായുള്ള സമിതികൾ ചട്ടത്തിന് അനുസൃതമായ മേൽപ്പന്തൽ കെട്ടി ആഘോഷ വരവ് അറിയിക്കുന്നതോടെ അതാത് പ്രദേശങ്ങൾ ഉത്സവഭരിതമാകും.

വെളുപ്പ്, ചുവപ്പ് നിറങ്ങളിലായി ഒരു ജോഡി കാളകളെ കലപ്പയിൽ കെട്ടിയ രീതിയിൽ ഒരു ചട്ടത്തിൽ ഒരുക്കിയാണ് കെട്ടുരുപ്പടി തയ്യാറാക്കുന്നത്. ദിവസങ്ങൾ നീളുന്ന ആചാരം, പൂജകൾ, അന്നദാനം, ഘോഷയാത്രകൾ എന്നിവയ്ക്കൊടുവിലാണ് ആഘോഷ ദിവസം കരകളിൽ നിന്ന് കെട്ടുരുപ്പടികളെ ഓച്ചിറ പടനിലത്തേക്ക് എഴുന്നെള്ളിക്കുന്നത്.

ഏറ്റവും വലിയ പകൽക്കാഴ്ച

ഓണാട്ടുകരയിലെ കാർഷികോത്സവമായി പതിറ്റാണ്ടുകളായി ആഘോഷിക്കുന്ന ഇരുത്തിയെട്ടാം ഓണാഘോഷം തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പകൽക്കാഴ്ചകളിൽ ഒന്നാണ്. ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ് ഇരുപത്തിയെട്ടാം ഓണാഘോഷം അരങ്ങേറുന്നത്. ദേശീയപാതയിലേത് ഉൾപ്പടെ ഉണ്ടാകുന്ന ഗതാഗത - വൈദ്യുതി തടസങ്ങൾ പരമാവധി ലഘൂകരിക്കാൻ അധികൃതർ മുൻകരുതൽ സ്വീകരിക്കുകയാണ് പതിവ്.