ശബരിമല സംരക്ഷണ സംഗമം 22ന് അണ്ണാമലൈ ഉദ്ഘാടനം ചെയ്യും

Saturday 20 September 2025 1:14 AM IST

കൊച്ചി: ശബരിമല കർമ്മസമിതി പന്തളം നാനാക് കൺവെൻഷൻ സെന്ററിൽ നടത്തുന്ന ശബരിമല സംരക്ഷണസംഗമം 22ന് രാവിലെ 10ന് തമിഴ്‌നാട് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. വിദേശത്ത് നിന്നടക്കം ആയിരത്തിലധികം പേർ പങ്കെടുക്കും. വൈകിട്ട് 3ന് പന്തളം സ്വാമി അയ്യപ്പൻ നഗറിൽ ഭക്തജനസംഗമവും നടക്കും. പി.എൻ. നാരായണവർമ്മ അദ്ധ്യക്ഷനാകും. 10 മുതൽ മൂന്നുവരെ സെമിനാറുകളും ചർച്ചകളും നടക്കും.

ശബരിമലയിലെ സ്വർണപ്പാളികളും മറ്റും കാണാതായ സംഭവത്തിൽ തിരുവി​താംകൂർ ദേവസ്വം ബോർഡ് രാജിവയ്ക്കുകയാണ് വേണ്ടത്. ഇത് ഭക്തജനങ്ങളോട് കാട്ടുന്ന അനീതിയാണ്. അയ്യപ്പസംഗമം നടത്തുന്നതിന് പകരം സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് 2008ൽ സുപ്രിംകോടതിയിൽ നൽകിയ അഫിഡവിറ്റും ഭക്തർക്കെതിരെ രജിസ്റ്റർചെയ്ത കേസുകളും പിൻവലിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും സംഘാടകർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ,ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു,വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ട്രഷറർ ശ്രീകുമാർ വയലിൽ,ക്ഷേത്ര സംരക്ഷണസമിതി മേഖലാ പ്രസിഡന്റ് സി.കെ. മോഹൻ,ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന കാര്യാദ്ധ്യക്ഷൻ കെ.സി. നരേന്ദ്രൻ എന്നിവർ പങ്കെടുത്തു.