ഭൂപതിവ് നിയമഭേദഗതി വിജ്ഞാപനം ഉടൻ: മന്ത്രി രാജൻ

Saturday 20 September 2025 1:18 AM IST

തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്ക് നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗീകാരം നൽകി. ഈ ആഴ്ച സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി കെ.രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പട്ടയ ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗങ്ങൾ ക്രമീകരിക്കുന്നതിനും പതിച്ചുനൽകിയ ആവശ്യങ്ങൾക്കല്ലാതെ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകുന്നതിനുമാണ് ചട്ട ഭേദഗതി. ക്രമവത്കരണം നടത്തുമ്പോൾ 3000 ചതുരശ്രയടിവരെയുള്ള കെട്ടിടത്തിനും ഫീസടയ്‌ക്കേണ്ടതില്ല. വിനോദസഞ്ചാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമിയിലെ ക്രമവത്കരണത്തിന് ന്യായവിലയുടെ 10 ശതമാനം ഫീസ് ഒടുക്കണമെന്നത് അഞ്ചായി കുറച്ചു. സ്വകാര്യ ആശുപത്രികൾക്ക് 3000 ചതുരശ്രയടിവരെ പണം അടയ്‌ക്കേണ്ടതില്ല. മൂവായിരത്തിനു മുകളിലാണെങ്കിൽ ന്യായവിലയുടെ പത്തു ശതമാനം അടച്ചാൽ മതി.

വീട് നിർമിക്കാനും കൃഷി ആവശ്യത്തിനുമായാണ് ഭൂരിഭാഗം പട്ടയങ്ങളും നൽകിയിട്ടുള്ളത്. അതിനാൽ നിലവിലുള്ള 95 ശതമാനം വീടുകൾക്കും ക്രമീകരണം വേണ്ടിവരില്ല. ക്രമീകരണത്തിനായി പുതിയ ഓഫീസുകൾ ആരംഭിക്കും. പട്ടയരേഖകൾ കൈവശമില്ലെങ്കിൽ നിജസ്ഥിതി സർട്ടിഫിക്കറ്റുകൾ മതിയാകും. ക്രമീകരണ സമയത്ത് പുതിയ വിഷയങ്ങളുണ്ടെങ്കിൽ ദൂരീകരിക്കാൻ സർക്കാരിന് പ്രത്യേക അധികാരം നൽകുന്ന വ്യവസ്ഥ ചട്ടത്തിലുണ്ട്. കൈമാറ്റംവഴി ലഭിച്ച ഭൂമി മുൻകൂർ അനുമതിയോടെ വകമാറ്റി ഉപയോഗിക്കാനുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ നടപടി തുടങ്ങിയതായും മന്ത്രി പറഞ്ഞു.

കാർഷിക ആവശ്യങ്ങൾക്കുള്ള നിർമ്മാണങ്ങൾ, ആരാധനാലയങ്ങൾ, എന്നിവയ്ക്ക് ഫീസില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്‌കാരിക, ജീവകാരുണ്യ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ, അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ മന്ദിരങ്ങൾ, സാമൂഹിക സംഘടനകൾ, അംഗീകൃത സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് സ്ഥലത്തിന്റെ ന്യായവിലയുടെ ഒരു ശതമാനമാണ് ഫീസ്.