ഡൽഹിയിൽ ബദൽ അയ്യപ്പ സംഗമം

Saturday 20 September 2025 1:25 AM IST

ന്യൂഡൽഹി: സംസ്ഥാന സർക്കാർ പിന്തുണയോടെ തിരുവിതാംകൂ‌ർ ദേവസ്വം ബോ‌ർഡ് പമ്പയിൽ ഇന്ന് ആഗോള സംഗമം നടത്തുന്നതിനിടെ ഡൽഹിയിൽ ആർ.കെ. പുരത്തെ അയ്യപ്പ ക്ഷേത്രത്തിൽ വൈകിട്ട് അഞ്ചിന് ബദൽ അയ്യപ്പഭക്ത സംഗമം. ശബരിമലയിലെ യുവതീ പ്രവേശനത്തിൽ വിയോജന വിധിയെഴുതിയ ജസ്റ്റിസ് ഇന്ദു മൽഹോത്രയാണ് ഉദ്ഘാടക. ഡൽഹി ഉപമുഖ്യമന്ത്രി പ‌ർവേഷ് സാഹിബ് സിംഗ് വെർമ്മ, ബി.ജെ.പി എം.പി ബാൻസുരി സ്വരാജ്, ആർ.കെ.പുരം എം.എൽ.എ അനിൽ ശർമ്മ, ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷൻ ശക്തി ശാന്താനന്ദ മഹർഷി എന്നിവർ സംഗമത്തെ അഭിസംബോധന ചെയ്യും. 2000ൽപ്പരം വിശ്വാസികൾ പങ്കെടുക്കുമെന്നാണ് ഭാരവാഹികളുടെ കണക്കുകൂട്ടൽ. എസ്.എൻ.‌‌ഡി.പി,​ എൻ.എസ്.എസ് യൂണിയനുകൾ,​ വാര്യർ സമാജം, മാരാർ സമാജം, ബാലഗോകുലം,​ നവോദയം, ജനം സൗഹൃദവേദി തുടങ്ങിയവയുടെയും വിവിധ ഹിന്ദു സംഘടനകളുടെയും അയ്യപ്പപൂജാ സമിതികളുടെയും ഡൽഹിയിലെ കേരള പശ്ചാത്തലമുള്ള ക്ഷേത്രങ്ങളുടെ ഭരണസമിതികളുടെയും പിന്തുണ പരിപാടിക്കുണ്ടെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. സംഗമത്തിൽ വിശ്വാസികൾ ചെരാതിൽ അയ്യപ്പ ജ്യോതി തെളിക്കും.

പ്രമേയം പാസാക്കും

ആചാര സംരക്ഷണത്തിനായി നാമജപം നടത്തിയവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം, ശബരിമലയെ ദേശീയ തീർത്ഥടന കേന്ദ്രമായി പ്രഖ്യാപിക്കണം തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ബദൽ സംഗമത്തിൽ പ്രമേയം പാസാക്കും. ഉമ്മൻചാണ്ടി സർക്കാർ യുവതീ പ്രവേശനത്തെ എതിർത്ത് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഒൻപതംഗ ബെഞ്ചിന് മുന്നിലെ പുനഃപരിശോധനാഹർജികളിൽ ഇതേ നിലപാട് എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടും.