കുന്നുപോലെ ഗാനങ്ങളെത്തി; എടുക്കാനില്ല ഒരു കേരള ഗാനം
തൃശൂർ: പൊതുചടങ്ങിൽ ആലപിക്കാൻ കേരളത്തിനൊരു ഗാനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 2018ലാണ് ആവശ്യപ്പെട്ടത്. എന്നാൽ ആൾ കൂടിയാൽ പാമ്പ് ചാകില്ലെന്നതുപോലെ ഗാനങ്ങൾ കുന്നുപോലെ സാഹിത്യ അക്കാഡമിയിലെത്തിയെങ്കിലും ഒന്നും അത്രപോര.
പിണറായി സർക്കാരിന്റെ രണ്ടാമത്തെ കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കേ,ഇതുവരെ കേരള ഗാനം സമർപ്പിക്കാൻ കഴിഞ്ഞില്ലെന്നതിന്റെ ജാള്യതയിലാണ് ഭാരവാഹികൾ. അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്റെ നേതൃത്വത്തിൽ ഗാനം തിരഞ്ഞെടുക്കാൻ സമിതിയെ നിയോഗിച്ചിരുന്നു. ഇതിനിടെ കവിയും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പിയോട് നേരിട്ട് അപേക്ഷിച്ച് ഒരു ഗാനം എഴുതിപ്പിച്ചെങ്കിലും ഒരു മറുപടിയും അറിയിച്ചില്ലെന്ന് തമ്പി വ്യക്തമാക്കിയതോടെ ഗാന വിവാദത്തിനും തുടക്കമായി.
ശ്രീകുമാരൻ തമ്പിയുടെ ഗാനത്തിന് നിലവാരമില്ലെന്ന വിദഗ്ദ്ധസമിതിയുടെ കണ്ടെത്തലാണ് നിരസിക്കാൻ കാരണമെന്ന് സച്ചിദാനന്ദൻ പരസ്യമാക്കിയതോടെ വിവാദം പൊട്ടിത്തെറിയിലെത്തി. തമ്പിയുടെ പാട്ട് മോശമാണെന്ന് എം. ലീലാവതി ഉൾപ്പെട്ട സമിതി കണ്ടെത്തിയെന്നായിരുന്നു വാദം. എന്നാൽ, ആ ഗാനം കണ്ടിട്ടേയില്ലെന്ന് ലീലാവതി തുറന്നടിച്ചതോടെ അക്കാഡമിക്ക് മറുപടിയില്ലാതായി.
അതിനിടെ ബി.കെ. ഹരിനാരായണനോടും പാട്ടെഴുതി നൽകാൻ ആവശ്യപ്പെട്ടു. പക്ഷേ വിവാദം പുറത്തുവന്നതോടെ ഹരിനാരായണനും പാട്ടെഴുതി നൽകിയില്ല. ഇപ്പോൾ എങ്ങനെയെങ്കിലും ഒരു ഗാനം സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സാഹിത്യ അക്കാഡമി ഭാരവാഹികൾ.
കേരള ഗാനം കണ്ടെത്താനായി ഭാരവാഹി യോഗം വിളിച്ച് സമിതി പുനഃസംഘടിപ്പിക്കും. ആയിരത്തിലധികം ഗാനങ്ങൾ അക്കാഡമിക്ക് ലഭിച്ചിരുന്നു. ഒന്നും തൃപ്തികരമല്ല.
-സി.പി.അബൂബക്കർ സെക്രട്ടറി, സാഹിത്യ അക്കാഡമി.