സർക്കാരിനെ ഇകഴ്‌ത്താൻ പൊലീസിനെ വിമർശിക്കുന്നു
തിരുവനന്തപുരം: സർക്കാരിനെ ഇകഴ്‌ത്താനും രാഷ്ട്രീയ വിവാദങ്ങൾ മറയ്ക്കാനും പൊലീസിനെതിരേ തിരിയുന്നതായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. പൊലിസിന്റെ പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കണമെന്നും പൊലീസിന് പൊതുസമൂഹം പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ട് പ്രസിഡന്റ് ആർ. പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അസോസിയേഷൻ യോഗത്തിൽ പ്രമേയം പാസാക്കി.
പ്രതിവർഷം 7ലക്ഷം കേസുകളെടുക്കുന്നു. 30ലക്ഷം പരാതികളുണ്ടാവുന്നു. കേസിലെത്താതെ നിസാര പരാതികൾ സമവായത്തിലൂടെ പരിഹരിക്കുന്നതിന് ചിലപ്പോൾ താക്കീതും കയർത്തുള്ള സംസാരവും വേണ്ടി വരും. നിയമപിൻബലമില്ലാത്ത ഈ നടപടികൾ സേനാംഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇത് പിന്നീട് പൊലീസിനെതിരായി ചിത്രീകരിക്കപ്പെടുന്നു. സ്റ്റേഷനുകളിലെത്തുന്ന പരാതികളിൽ കുറ്റകൃത്യം വ്യക്തമാണെങ്കിൽ നിർബന്ധമായി കേസെടുക്കണം. മറ്റ് പരാതികൾ ബന്ധപ്പെട്ട വകുപ്പുകളിലേക്കും ഓഫീസുകളിലേക്കും അയയ്ക്കണം.
തെറ്റുകാരെ
തിരുത്തണം
പൊതുസമൂഹത്തിന്റെ പരിച്ഛേദമായ സേനയിൽ പൊതുസമീപനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ചിലരുണ്ടാവാം. ജനങ്ങളുടെ അന്തസും മനുഷ്യാവകാശവും സംരക്ഷിക്കേണ്ടതും പൊലീസാണ്. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ തിരുത്തണം. കസ്റ്റഡിയിൽ മനുഷ്യാവകാശ ലംഘനം പാടില്ല. തെറ്റ് ചെയ്യുന്നവരെ സംഘടനകൾ പിന്തുണയ്ക്കില്ല. ജനമൈത്രിയിലൂടെയടക്കം പൊലീസ് സൗഹാർദ്ദപരമായ പ്രവർത്തന രീതിയിലേക്ക് മാറിയപ്പോൾ,അത് ദൗർബല്യമായി കണ്ട് പൊലീസിനെ ആക്രമിക്കുന്നത് കൂടുകയാണ്. കുറ്റവാളികളോടും കുറ്റകൃത്യങ്ങളോടുമാണ് പൊലീസുകാർ ഇടപെടുന്നത്. ഇതിനിടെ നിരവധി കൈയേറ്റങ്ങളുമുണ്ടാവുന്നു. നിരവധി പൊലീസുകാർക്ക് ജീവൻ നഷ്ടമായി. അപൂർവം ചിലർ തിരികെ മർദ്ദിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ മറുപക്ഷത്ത് എത്ര വലിയ സാമൂഹ്യ വിരുദ്ധനായാലും അയാൾ മഹത്വവത്കരിക്കപ്പെടുകയും പൊലീസ് ക്രൂശിക്കപ്പെടുകയും ചെയ്യുന്നു.
പൊലീസ് ആരെയും
ശിക്ഷിക്കേണ്ട
എത്ര കൊടും കുറ്റവാളിയായാലും അവരെ നിയമത്തിനു മുന്നിലെത്തിക്കുകയാണ് പൊലീസിന്റെ ദൗത്യം. ശിക്ഷിക്കാനുള്ള അധികാരം ജുഡിഷ്യറിക്കാണ്. വൈകാരികതയിലേക്ക് പോകാതെ വിവേകത്തോടെ നിയമപരമായി പ്രവർത്തിക്കണം.
പൊലീസിനെതിരായ ആരോപണങ്ങൾ സുവർണ്ണാവസരമെന്ന നിലയിൽ ഉത്തരവാദിത്വപ്പെട്ടവർ ഏറ്റെടുക്കുകയാണ്. വസതിയിലേക്ക് മാർച്ച് നടത്തിയതിനെതിരേ പൊട്ടിത്തെറിച്ച നേതാവിന്റെ അണികൾ പൊലീസുകാരുടെ വീടുകളിലേക്ക് മാർച്ച് നടത്തിയത് ഖേദകരമാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലേക്കുള്ള മാർച്ചുകൾ തടയാൻ പൊലീസുദ്യോഗസ്ഥരെ നിയോഗിക്കരുതെന്ന് ഡി.ജി.പിയോട് അഭ്യർത്ഥിക്കുന്നു. അവർക്കെതിരേ നിയമ നടപടിയെടുക്കണം.