അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് ബ്രാഹ്മണ സഭ

Saturday 20 September 2025 1:29 AM IST

തിരുവനന്തപുരം: ഇന്ന് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് കേരള ബ്രാഹ്മണ സഭ. സംഗമത്തിൽ പങ്കെടുക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. സംഗമത്തെക്കുറിച്ച് പ്രസ്താവന നടത്തുന്നതിനായി ജനറൽ സെക്രട്ടറിയെന്ന നിലയിൽ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ബ്രാഹ്മണ സഭയെ പ്രതിനിധീകരിച്ച് സംഗമത്തിൽ പങ്കെടുക്കാൻ ആരെയും നിയോഗിച്ചിട്ടില്ല. വ്യക്തിപരമായി പങ്കെടുക്കുന്നതിൽ ആരെയും വിലക്കിയിട്ടുമില്ല. ശബരിമലയിൽ കാലങ്ങളായി അനുഷ്ഠിക്കുന്ന ആചാരങ്ങൾക്ക് ഭംഗം വരരുതെന്നും ക്ഷേത്രത്തിന്റെ പരിപാവനത്വം കാത്തുസൂക്ഷിക്കണമെന്നും അയ്യപ്പ ഭക്തന്മാർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നുമാണ് ബ്രാഹ്മണ സഭയുടെ നിലപാടെന്നും സംസ്ഥാന പ്രസിഡന്റ് എച്ച്. ഗണേശ്, ജനറൽ സെക്രട്ടറി എം.ശങ്കരനാരായണൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.