60 ശതമാനം റോഡുകൾ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ചു - മന്ത്രി റിയാസ്
തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകളിൽ 60 ശതമാനവും ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. 5822 കി.മീ.റോഡുകൾ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ചിട്ടുണ്ട്. നിലവിൽ 82 പ്രവൃത്തികളിലായി 263.29 കോടിയുടെ ഭരണാനുമതി നല്കിയിട്ടുണ്ട്. ദേശീയപാതയുടെ നിർമ്മാണവും ഗുണനിലവാരവും ദേശീയപാത അതോറിറ്റിയുടെ ഉത്തരവാദിത്തമാണെങ്കിലും സംസ്ഥാനം ഫണ്ട് ചെലവഴിക്കുന്നതിനാൽ മുഖ്യമന്ത്രി നിശ്ചിതഇടവേളകളിൽ അവലോകനയോഗങ്ങൾ നടത്തുന്നുണ്ട്. 444 കി.മീറ്റർ ആറുവരിയിലേക്ക് വികസിപ്പിച്ചു.
ബീം തകരുന്നത്
പുതിയ സംഭവമല്ല പാലം നിർമാണവുമായി ബന്ധപ്പെട്ട് ബീം തകരുന്നത് പുതിയ സംഭവമല്ല. നിർമ്മാണത്തിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. മാവേലിക്കരയിൽ ബീംതകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ കരാർകമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. റാപ് സാങ്കേതികവിദ്യ പ്രകാരമുള്ള റോഡ് നിർമാണത്തിന്റെ പൈലറ്റ് പദ്ധതി നടപ്പിലാക്കും. പരിപാലന കാലാവധി കഴിഞ്ഞാലും ഒരുവർഷം കരാർ നൽകുന്ന റണ്ണിംഗ് കോൺട്രാക്ട് പൊതുമരാമത്ത് വകുപ്പിന്റെ 19,500 കി. മീ. റോഡിൽ നടപ്പിലാക്കിയിട്ടുണ്ട്. ശബരിമല റോഡ് നവീകരണത്തിന് സർക്കാർ 1107.23 കോടി ചെലവഴിച്ചു.
ഹൗസ് ബോട്ടുകൾക്ക് നിയന്ത്രണം
ഹൗസ് ബോട്ടുകളിൽ നിന്നുള്ള മലിനീകരണം കൂടുതലായതിനാൽ പുതിയ രജിസ്‌ട്രേഷന് നിയന്ത്രണമേർപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ബോട്ടുകളിൽ കുപ്പിവെള്ളം, പ്ലാസ്റ്റിക് പാക്കറ്റുകളിലെ ഭക്ഷണം എന്നിവ ഉപയോഗിക്കരുതെന്ന് കർശനനിർദ്ദേശം നൽകിയിട്ടുണ്ട്. ഖരമാലിന്യശേഖരണത്തിന് ബോട്ടുകളിൽ കളക്ഷൻ ബാസ്‌കറ്റുകൾ സ്ഥാപിക്കും. സംസ്ഥാനത്ത് അനധികൃത ടൂറിസം റിസോർട്ടുകളില്ല.
കൃഷി ഭൂമി മറ്റാവശ്യങ്ങൾക്ക്
ഉപയോഗിക്കുന്നു - മന്ത്രി കെ.രാജൻ
കാർഷികാവശ്യങ്ങൾക്കുള്ള ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് 335 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കി. ഈ വില്ലേജുകളിലെ റവന്യൂ, രജിസ്‌ട്രേഷൻ, സർവേ സേവനങ്ങൾ എന്റെ ഭൂമി പോർട്ടലിൽ സജ്ജീകരിച്ചുവരുന്നു. പോർട്ടൽ നിലവിൽ വരുന്നതോടെ ഭൂമി കൈമാറ്റത്തിലെ നടപടിക്രമങ്ങൾ സുതാര്യവും വേഗത്തിലുമാകും.