ബഹു. മന്ത്രി എന്ന് പറഞ്ഞില്ലെങ്കിൽ ജയിൽ: ടി. പത്മനാഭൻ

Saturday 20 September 2025 1:32 AM IST

കണ്ണൂർ: ബഹുമാനപ്പെട്ട എന്ന അഭിസംബോധന നിർബന്ധമാക്കിയ സർക്കാർ ഉത്തരവിനെ പരിഹസിച്ച് എഴുത്തുകാരൻ ടി. പത്മനാഭൻ. ബഹുമാനപ്പെട്ട മന്ത്രി എന്ന് പറഞ്ഞേ പറ്റൂ. ഇല്ലെങ്കിൽ ജയിലിൽ പോകേണ്ടി വരും. രമേശ് ചെന്നിത്തല ലഹരിക്കെതിരെ നയിക്കുന്ന വാക്കത്തോണിന്റെ സമാപന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

" 97 വയസ്സായി. ജയിലിൽ പോയാൽ പൊലീസുകാരുടെ ഒറ്റ അടിക്ക് ചത്തുപോകും. സത്യത്തിൽ ബഹുമാനമൊന്നുമില്ല. എങ്കിലും നിയമം അനുശാസിക്കുന്നത് കൊണ്ടുമാത്രം എക്സൈസ് മന്ത്രിയെ ബഹു ചേർത്തു വിളിക്കുന്നു " - പത്മനാഭൻ പറഞ്ഞു. എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് എക്സൈസ് മന്ത്രിയോട് അഭ്യർത്ഥിക്കുന്നതിനിടെയായിരുന്നു പരിഹാസം. സർക്കാർ ഓഫീസുകളിൽ പരാതികളിലും അപേക്ഷകളിലും മന്ത്രിമാരെ ബഹു എന്ന് അഭിസംബോധന ചെയ്യണമെന്ന് ആഗസ്റ്റ് 30നാണ് ഉത്തരവിറങ്ങിയത്.