'സിനിമയിലാണോ ജീവിതത്തിലാണോ എന്ന വിഭ്രമത്തിലാണ് സുരേഷ് ഗോപി, അദ്ദേഹത്തെ ബിജെപി സഹായിക്കണം'; മന്ത്രി ബിന്ദു
തൃശൂർ: കലുങ്ക് സംവാദങ്ങൾ എന്ന പേരിൽ ഫ്യൂഡൽ കാലഘട്ടത്തിലെ ദർബാറുകളെ അനുസ്‌മരിപ്പിക്കുന്ന യോഗങ്ങൾ സംഘടിപ്പിച്ച് പാവപ്പെട്ടവരെ പരിഹസിക്കുകയും പരദൂഷണം നടത്തുകയും ചെയ്യുന്ന തൃശൂർ എംപിയുടെ പരിപാടി അപലപനീയമെന്ന് മന്ത്രി ആർ ബിന്ദു. ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച കലുങ്ക് സംവാദത്തിൽ തന്റെ പ്രശ്‌നം പറഞ്ഞ വയോധികയോട് സുരേഷ് ഗോപി നടത്തിയ പ്രതികരണങ്ങൾ ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ല. ഇവിടുത്തെ മന്ത്രിയല്ല, രാജ്യത്തെ മന്ത്രിയാണ് എന്ന് പറയുന്നയാൾ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്നാണെന്ന് വിസ്‌മരിച്ച് പോകുന്നുവെന്നും മന്ത്രി ബിന്ദു പറഞ്ഞു.
'തൃശൂരിലെ ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ച് എംപിയും മന്ത്രിയുമായ ഒരാൾക്ക് അവരുടെ ഏത് നിവേദനവും ഏറ്റുവാങ്ങാനും അനുഭാവപൂർവം പരിഗണിക്കാനും ചുമതലയുണ്ട്. തനിക്ക് വോട്ട് ചെയ്‌തവരുടെ മാത്രമല്ല ചെയ്യാത്തവരുടെയും എംപിയാണ് അദ്ദേഹമിപ്പോൾ. അവർ എല്ലാവരുടെയും പരാതികളും അഭ്യർത്ഥനകളും ഒരുപോലെ കേൾക്കാൻ ജനാധിപത്യപരമായ ബാദ്ധ്യത എംപിക്കുണ്ട്. ജീവിത പ്രശ്‌നങ്ങളുമായി മുന്നിലെത്തുന്നവർ തന്റെ അടിയാളരാണെന്ന തോന്നൽ നല്ലതല്ല.
ജീവിതത്തിലാണോ സിനിമയിലാണോ താനെന്ന വിഭ്രമത്തിലാണെന്ന് തോന്നുംവിധമാണ് സുരേഷ് ഗോപിയുടെ പ്രതികരണങ്ങൾ. തിരക്കഥാകൃത്തുക്കൾ സമ്മാനിച്ച ഫ്യൂഡൽ മാടമ്പി വേഷക്കാരനായി സിനിമയിലല്ലാത്തപ്പോഴും തെരുവിലിറങ്ങി നടക്കുന്നത് ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചുകൊണ്ടാവരുത്. സിനിമകളിൽ ആരാധകരെ ത്രസിപ്പിച്ച താരം തന്നെസമീപിക്കുന്ന സാധാരണക്കാരുടെ നെഞ്ചത്ത് കേറുന്ന രീതി തുടർച്ചയായി അദ്ദേഹത്തിൽ നിന്നും ഉണ്ടാവുന്നതുകൊണ്ടാണ് ഇത് പറയാൻ നിർബന്ധിതയാകുന്നത്.
മിഥ്യാഭ്രമം മാറാൻ സുരേഷ് ഗോപിയെ ബിജെപി നേതൃത്വം ഇടപെട്ട് സഹായിക്കണം. താനിപ്പോൾ സിനിമയിലല്ല, ജനങ്ങളുടെ പ്രശ്‌നങ്ങൾ ക്ഷമയോടെ കേട്ട് കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിലാണെന്ന് മറന്നുപോകരുതെന്ന് അദ്ദേഹത്തെ ഓർമിപ്പിക്കാൻ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ പാർട്ടിയെന്ന നിലയിൽ ബിജെപി തയ്യാറാവണം' - മന്ത്രി പറഞ്ഞു.