ആഗോള അയ്യപ്പ സംഗമത്തിൽ വയറും മനസും നിറയ്‌ക്കാൻ പഴയിടത്തിന്റെ ഭക്ഷണം; ഇതൊക്കെയാണ് അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്
പമ്പ: ആഗോള അയ്യപ്പ സംഗമത്തിന് മാറ്റുകൂട്ടാൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ ഭക്ഷണം. 4000 പേർക്കാണ് പ്രഭാത ഭക്ഷണമൊരുക്കിയത്. ഇഡ്ഡലിയും ദോശയുമടക്കമുള്ള വിഭവങ്ങൾ വിളമ്പി. ചായയും കാപ്പിയും കോൺഫ്ളക്സുമെല്ലാമുണ്ടായിരുന്നുവെന്നാണ് വിവരം.
പതിനൊന്നുമണിയോടെ ചായയും ഉഴുന്നുവടയും നൽകും. ഉച്ചയ്ക്ക് സാമ്പാറും പുളിശ്ശേരിയുമടക്കം ഒമ്പത് കൂട്ടം കറിയുള്ള വിഭവസമൃദ്ധമായ ഉച്ചഭക്ഷണമാണ് ഒരുങ്ങുന്നത്. പാലട പ്രഥമനും ഉണ്ട്. കൂടാതെ വെജിറ്റബിൾ പുലാവും ചില്ലി ഗോപിയും ഒരുക്കും.
മൂന്ന് മണിക്ക് ചായയും വട്ടയപ്പവും നൽകും. അത്താഴത്തിന് ഫുൽക്ക റൊട്ടിയും പനീർ ബട്ടറും വെജിറ്റബിൾ സാലഡുമൊക്കെയുണ്ടാകും. ഏഴ് കൗണ്ടറുകളിൽ ബുഫേ സൗകര്യമൊരുക്കും. കരിമ്പിൻ ചണ്ടിയിലുണ്ടാക്കിയ പ്ലേറ്റിലാണ് ഭക്ഷണം നൽകുന്നത്. 600 കിലോ അരിയും 500 ലിറ്റർ പാലുമാണ് ഉപയോഗിക്കുന്നത്.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനും മുഖ്യമന്ത്രിയോടൊപ്പം ചടങ്ങിനെത്തി.
രാവിലെ ആറിന് പ്രതിനിധികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. ദേവസ്വം മന്ത്രി വി എൻ വാസവനാണ് ചടങ്ങിന് അദ്ധ്യക്ഷത വഹിക്കുന്നത്. തമിഴ്നാട് ഹിന്ദുമത ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു, ഐ ടി മന്ത്രി പളനിവേൽ ത്യാഗരാജൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കുന്നുണ്ട്.