"പേഴ്സണൽ സ്റ്റാഫിന് പ്രൊഡ്യൂസർ സാലറി കൊടുക്കണം എന്നാവശ്യപ്പെടുന്നവരെ ഒഴിവാക്കേണ്ടത് കാലത്തിന്റെ ആവശ്യം"; നടിയെ പുറത്താക്കിയതിൽ പ്രതികരണം
പലപ്പോഴും താരങ്ങളുടെ ചെലവ് നിർമാതാക്കൾക്ക് താങ്ങാനാകാത്ത അവസ്ഥ വരാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ബോളിവുഡ് നടി ദീപിക പദുക്കോണിനെ 'കൽക്കി 2898' എന്ന ചിത്രത്തിൽ നിന്ന് പുറത്താക്കിയിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു.
600 കോടി ബഡ്ജറ്റിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നാഗ് അശ്വിൻ ചിത്രമാണ് 'കൽക്കി 2898 എഡി'. പ്രഭാസ് നായകനായ ഈ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. എന്നാൽ രണ്ടാം ഭാഗത്തിൽ നിന്ന് ദീപികയെ പുറത്താക്കിയതായുള്ള റിപ്പോർട്ടുകൾ ആരാധകരെ അമ്പരപ്പിച്ചിരുന്നു.
ജോലി സമയം ഏഴ് മണിക്കൂറായി കുറയ്ക്കണം, പേഴ്സണൽ സ്റ്റാഫിന് ആഡംബര സൗകര്യങ്ങളോടെ താമസമൊരുക്കണം തുടങ്ങിയ ആവശ്യങ്ങൾ നടി മുന്നോട്ടുവച്ചിരുന്നെന്നും ഇതോടെയാണ് നടിയെ പുറത്താക്കിയതെന്നുമായിരുന്നു റിപ്പോർട്ടുകൾ. വിഷയത്തിൽ നടിയുടെ പേര് പറയാതെ, പരോക്ഷപ്രതികരണവുമായെത്തിയിരിക്കുകയാണ് സംവിധായകനും നിർമാതാവുമായ രഞ്ജിത് ശങ്കർ.
'തന്റെ ആറു കാരവനും 30 പേഴ്സണൽ സ്റ്റാഫിനും പ്രൊഡ്യൂസർ സാലറി കൊടുക്കണം എന്നാവശ്യപ്പെടുന്ന താരങ്ങളെ സിനിമയിൽ നിന്നും ഒഴിവാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. നിർമാതാക്കൾക്ക് അഭിവാദ്യങ്ങൾ!'; - എന്നാണ് രഞ്ജിത്ത് ശങ്കർ പ്രതികരിച്ചിരിക്കുന്നത്.
നിരവധി പേരാണ് രഞ്ജിത്തിന്റെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിൽ അനാവശ്യമായ ആവശ്യങ്ങളുമായെത്തുന്ന താരങ്ങളെ ഒഴിവാക്കി സിനിമ ചെയ്യാൻ നിർമാതാക്കളും അണിയറപ്രവർത്തകരും തയ്യാറാകണമെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.