തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ജീവനൊടുക്കി, നേതൃത്വം സഹായിച്ചില്ലെന്ന് ആത്മഹത്യാക്കുറിപ്പ്

Saturday 20 September 2025 11:26 AM IST

തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി ബിജെപി കൗൺസിലർ ജീവനൊടുക്കി. തിരുവനന്തപുരം തിരുമല വാർഡ് കൗൺസിലർ അനിൽ കുമാറാണ് (52) ആത്മഹത്യ ചെയ്തത്. അനിൽ കുമാർ ഭാരവാഹിയായ വലിയശാല ഫാം സൊസൈറ്റിയിൽ പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന ആരോപണം കുറിപ്പിലുണ്ട്. കൗൺസിലർ ഓഫീസിലാണ് ആത്മഹത്യ ചെയ്ത നിലയിൽ അനിൽ കുമാറിനെ കണ്ടെത്തിയത്.

ഇന്ന് രാവിലെ എട്ടരമണിയോടെ തിരുമലയിലുള്ള അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് ജീവനൊടുക്കിയത്. അനിൽ കുമാർ പ്രസിഡന്റായ വലിയശാല ഫാം സൊസൈറ്റിയിൽ ആറ് കോടിയിലധികം രൂപ വായ്പ നൽകിയിട്ടുണ്ട്. ചില സാമ്പത്തിക പ്രശ്നങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ഇതോടെ നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ടിരുന്നു. പണം തിരികെ കൊടുക്കാൻ സാധിക്കാതെ വന്നപ്പോൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിൽ അനിൽ കുമാറിനെയാണ് പൊലീസ് വിളിപ്പിച്ചത്.

സാമ്പത്തിക പ്രശ്നത്തിൽ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ല. താനും തന്റെ കുടുംബമോ ഒരു പണം ഇതിൽ നിന്നും എടുത്തിട്ടില്ല. ഇപ്പോൾ എല്ലാ കുറ്റവും തന്റെ പേരിലാണ്. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് കുറിപ്പിലുള്ളത്. എന്നാൽ ഫാം സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഒരു ക്രമക്കേട് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ബിജെപി നേതാവ് വിവി രാജേഷ് പറഞ്ഞു. എന്നാൽ വായ്പ എടുത്തവർ തിരിച്ചടയ്ക്കാത്ത ചില പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

'ലോൺ എടുത്തവർ പലരും തിരിച്ചടയ്ക്കാത്തതിനെ തുടർന്നുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. സൊസൈറ്റിയിലേക്കുള്ള സ്ഥിര നിക്ഷേപങ്ങൾ അനിൽ കുമാറിന്റെ പരിചയത്തിലാണ് വന്നത്. ഇത് തിരിച്ചുകൊടുക്കാൻ പറ്റാത്തതിലുള്ള മാനസിക സമ്മർദ്ദം അദ്ദേഹം അനുഭവിക്കുകയായിരുന്നു'- വിവി രാജേഷ് പറഞ്ഞു.