20 ദിവസം വരെ കേടാകില്ല, കൃത്രിമ പാൽ വ്യാപകം, തടി കേടാകും; വ്യാജനെ തിരിച്ചറിയാൻ സിമ്പിൾ മാർഗമുണ്ട്

Saturday 20 September 2025 11:31 AM IST

കളമശേരി: കളമശേരിയിലെ ഹോട്ടലുകളിലും ശീതള പാനീയ സ്റ്റാളുകളിലും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അന്യ സംസ്ഥാനത്തെ കൃത്രിമ പാലുകൾ. നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ വ്യാപകമായി അന്യസംസ്ഥാനത്തെ പാലുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തി.

പാൽ പാക്കറ്റുകളിൽ കാലാവധി 20 ദിവസം വരെ കാണിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. പഴയ ഭക്ഷണം പി​ടി​ക്കാനായി​ നടത്തി​യ പരിശോധനയ്ക്കിടെയാണ് ഇത്തരം പാൽ കണ്ടെത്തിയത്. കാലാവധി കഴിയാത്തതിനാൽ തങ്ങൾക്ക് ഈ പാലിനെതിരെ നടപടിയെടുക്കാനാവില്ലെന്ന് നഗരസഭാ ഉദ്യോഗസ്ഥർ പറഞ്ഞു.

സാധാരണഗതിയിൽ രണ്ടോ മൂന്നോ ദിവസം മാത്രമേ പാലുകൾ കേടുകൂടാതെ ഉപയോഗിക്കാൻ കഴിയൂ എന്നിരിക്കെ ഈ സംഭവം ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തി.

ആന്ധ്ര, കർണ്ണാടക, തമിഴ്‌‌നാട് സംസ്ഥാനങ്ങളിൽ നിന്നാണ് പാൽ എത്തുന്നത്. കളമശേരിയിൽ കണ്ടെത്തിയിട്ടും സംസ്ഥാനത്ത് എമ്പാടും ഇത്തരം പാൽ വിതരണം ചെയ്തിട്ടും ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്.

കൃത്രിമ പാൽ തിരിച്ചറിയാം

450 മില്ലി ലിറ്റർ പാലിന് 30 രൂപയാണ് എം.ആർ.പി പ്രിന്റ് ചെയ്തിരിക്കുന്നതെങ്കിലും കുറഞ്ഞ വിലയ്ക്ക് പാൽ ലഭിക്കും. കൊഴുപ്പും കൂടുതലാണ്. ഇതാണ് കച്ചവടക്കാരെ ആകർഷിക്കുന്നത്. • ലാക്ടോമീറ്റർ ഉപയോഗിച്ച് പാലിലെ ജലാംശം പരിശോധിക്കാം.

• പാലിന്റെ സാന്ദ്രത 1.028 നും 1.030 നും ഇടയിലായിരിക്കണം.

• പാലിൽ യൂറിയ ചേർത്തിട്ടുണ്ടോ എന്നറിയാൻ ഒരു ടീസ്പൂൺ പാലിൽ അര ടീസ്പൂൺ സോയാബീൻ പൊടി ചേർത്ത് നന്നായി കുലുക്കി 5 മിനിറ്റ് വച്ച ശേഷം ലിറ്റ്മസ് പേപ്പർ ഉപയോഗിച്ച് പരിശോധിക്കുമ്പോൾ പേപ്പറിന്റെ നിറം നീലയാണെങ്കിൽ യൂറിയ ചേർത്തിട്ടുണ്ട്.

• ഒരു ടീസ്പൂൺ പാൽ എടുത്ത് അതിൽ 5 മില്ലിലിറ്റർ ഹൈഡ്രോക്ലോറിക് ആസിഡ് ചേർത്ത മിശ്രിതം ചൂടാക്കുമ്പോൾ ചുവപ്പ് നിറമാണെങ്കിൽ പഞ്ചസാരയുണ്ട്. രുചിയ്ക്കും കട്ടി കൂട്ടാനുമാണ് കൃത്രിമ പാലിൽ പഞ്ചസാര ചേർക്കുന്നത്.

വിഷയം ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ പരിശോധനകളും തുടർന്ന് നടപടികളുമുണ്ടാകും ആതിരാ ദേവി ഫുഡ് സേഫ്റ്റി ഓഫീസർ, ഡെപ്യൂട്ടി കമ്മീഷണറേറ്റ് ഒഫ് ഫുഡ്‌സേഫ്റ്റി