അതിർത്തി കടന്ന് കേരളത്തിലെത്തും, 300 രൂപയുടെ സാധനം വിൽക്കുന്നത് 450 രൂപയ്ക്ക്, മലയാളികളുടെ ബിസിനസ് അടച്ചുപൂട്ടുന്നു
കോട്ടയം: ശീതികരിച്ച കണ്ടെയ്നറുകളിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലക്ക് മാട്ടിറച്ചി എത്തിയതോടെ പോത്തിനെ വളർത്തിയ കർഷകർ സാമ്പത്തിക പ്രതിസന്ധിയിലായി. പർച്ചേസ് ബില്ല് ഉള്ളതിനാൽ കണ്ടെയ്നറിൽ ഇറച്ചി കൊണ്ടു വരുന്നതിനെതിരെ നടപടി എടുക്കാൻ കഴിയില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പറയുന്നത്. കണ്ടെയ്നർ തുറന്നു ചെക്കുപോസ്റ്റുകളിൽ പരിശോധനയുമില്ലാത്തതിനാൽ ചത്ത ഉരുക്കളുടെ ഇറച്ചി ( സുനാമി ഇറച്ചി) ശീതീകരിച്ചു കൊണ്ടു വന്നാലും നടപടി എടുക്കാനും കഴിയുന്നില്ല.
കോൾഡ് സ്റ്റോറേജുകളിലും ഹോട്ടലുകളിലും ഹോസ്റ്റലുകളിലും ആശുപത്രി ക്യാന്റീനുകളിലും ഡിപ്പാർട്ട് മെന്റൽ സ്റ്റോറുകളിലും സൂപ്പർ മാർക്കറ്റുകളിലുമാണ് കണ്ടെയ്നർ ഇറച്ചി കൂടുതലുംഎത്തുന്നത്. 300 രൂപയിൽ താഴെ കിട്ടുന്ന കണ്ടെയ്നർ ഇറച്ചി 420 -450 രൂപയ്ക്കാണ് കോൾഡ് സ്റ്റോറേജുകളിലും മറ്റും വിൽക്കുന്നത്. കണ്ടെയ്നർ ഇറച്ചി വിൽപ്പന കച്ചവടത്തെ സാരമായി ബാധിച്ചതോടെ പല കശാപ്പുശാലകളും അടച്ചു.
ചെലവ് കാശ് പോലും കിട്ടുന്നില്ല
സർക്കാർ ധനസഹായത്താലായിരുന്നു പോത്തിൻ കുഞ്ഞുങ്ങളെ ഇറച്ചിക്കായി വളർത്തി കർഷകർ വിറ്റിരുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കണ്ടെയ്നർ ഇറച്ചി വന്നുതുടങ്ങിയതോടെ നാടൻ പോത്തുകൾക്ക് ഡിമാൻഡ് കുറഞ്ഞു. കൂടിയ വില നൽകി പോത്തുകളെ വാങ്ങാൻ ആളില്ലാതായി. പോത്തിൻ കുട്ടികളെ വളർത്തി വലുതാക്കി വിൽക്കുമ്പോൾ ചെലവ് കാശ് കിട്ടാത്ത സ്ഥിതി ഇറച്ചിക്കായുള്ള പോത്തു വളർത്തലിനെ സാരമായി ബാധിച്ചു.
വലിയ തുകയ്ക്ക് പോത്തുകുട്ടികളെ വാങ്ങി വളർത്തിയവർക്ക് ചെലവിനനുസരിച്ച് വരുമാനം കിട്ടുന്നില്ല. പഞ്ചായത്തു തലത്തിൽ അറവ് ശാലകൾ നിർമ്മിച്ച് കർഷകർ വളർത്തുന്ന പോത്തുകളുടെ ഇറച്ചി വിൽക്കാൻ തദ്ദേശ മൃഗസംരക്ഷണ വകുപ്പുകൾ തയ്യാറാകണം.
എബിഐപ്പ് , കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി