പാലക്കാട്ട് കാണാതായ പതിമൂന്നുകാരനെ കിട്ടി; കണ്ടെത്തിയത് ട്രെയിനിൽ നിന്ന്

Saturday 20 September 2025 1:44 PM IST

പാലക്കാട്: രണ്ട് ദിവസം മുമ്പ് കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് വിദ്യാർത്ഥിയെ ആർപിഎഫ് കണ്ടെത്തിയത്. ഉടൻതന്നെ കുട്ടിയെ പാലക്കാട്ട് എത്തിക്കും. പാലക്കാട് ചന്ദ്രനഗർ സ്വദേശിയാണ് പതിമൂന്നുകാരൻ. പാലക്കാട് ലയൺസ് സ‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാ‌ർത്ഥിയാണ്.

രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടി സ്‌‌കൂളിൽ എത്താത്തതിനെത്തുടർന്ന് അദ്ധ്യാപകരാണ് രക്ഷിതാക്കളെ വിവരമറിയിച്ചത്. ഉടൻതന്നെ കസബ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് ബന്ധുക്കളും തെരച്ചിൽ നടത്തി.