പ്രസംഗിക്കാൻ വിളിക്കാൻ വൈകി; അയ്യപ്പ സംഗമത്തിനെത്തിയ തമിഴ്നാട് മന്ത്രിക്ക് നീരസം
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതിൽ നീരസം പ്രകടിപ്പിച്ച് തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച ശേഷം ദേവസ്വം മന്ത്രി വിഎൻ വാസവനാണ് പ്രസംഗിച്ചത്. അതിനുശേഷം തമിഴ്നാട് മന്ത്രി പി കെ ശേഖർബാബു പ്രസംഗിച്ചു. പിന്നീട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെയാണ് പ്രസംഗിക്കാനായി ക്ഷണിച്ചത്. ഇതോടെയാണ് മന്ത്രി പളനിവേൽ ത്യാഗരാജൻ നീരസം പ്രകടിപ്പിച്ചത്.
അധികൃതർ മന്ത്രിയെ അനുനയിപ്പിക്കുകയായിരുന്നു. പ്രസംഗം നടത്തിയശേഷമാണ് മന്ത്രി വേദിവിട്ടത്. അതേസമയം, ശബരിമലയിൽ ദർശനത്തിനായി ഉച്ചയ്ക്ക് മുൻപ് എത്തേണ്ട കാര്യമാണ് ചൂണ്ടിക്കാട്ടിയതെന്ന് മന്ത്രിയോട് അടുപ്പമുള്ളവർ പറയുന്നത്.
സംഗമത്തിന് ക്ഷണിച്ചതിൽ തമിഴ്നാട് മന്ത്രിമാർ നന്ദി അറിയിച്ചു. ആദ്യം രജിസ്റ്റർ ചെയ്ത 3000 പേരെയാണ് ആഗോള അയ്യപ്പ സംഗമത്തിലെ പ്രതിനിധികളായി തിരഞ്ഞെടുത്തത്. ഈ പ്രതിനിധികൾക്ക് പുറമേ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷണിച്ച സാമൂഹിക- സാംസ്കാരിക- സാമുദായിക സംഘടനകളിലെ പ്രതിനിധികളും ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ അവസരം.
അതേസമയം, ശബരിമല വികസന മാസ്റ്റര്‍ പ്ലാന്‍, ശബരിമല കേന്ദ്രീകരിച്ചുള്ള ആദ്ധ്യാത്മിക ടൂറിസം, തീര്‍ത്ഥാടന തിരക്ക് നിയന്ത്രണം അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളും അയ്യപ്പ സംഗമത്തിൽ നടക്കും. സംഗമത്തിന്റെ പേരില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നെന്ന് ആരോപിച്ച് യുഡിഎഫും ബിജെപിയും സംഘപരിവാര്‍ സംഘടനകളും പങ്കെടുക്കുന്നില്ല. പന്തളം കൊട്ടാരം പ്രതിനിധികളും സംഗമത്തിൽ നിന്ന് വിട്ടുനില്‍ക്കുകയാണ്.