അതിദരിദ്രര്‍ക്ക് വാതില്‍പ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്; സൗജന്യ പരിശോധനകളും ചികിത്സയും ഉറപ്പാക്കും
തിരുവനന്തപുരം: അതിദരിദ്രര്‍ക്ക് ആരോഗ്യവകുപ്പിന്റെ വാതില്‍പ്പടി സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പ് വരുത്തുന്നതിനായി കര്‍മ്മപദ്ധതി ആവിഷ്‌ക്കരിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ബ്രെയിന്‍സ്റ്റോമിംഗ് സെഷന്‍ സംഘടിപ്പിച്ചാണ് അതിദരിദ്രരായ കുടുംബങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി കര്‍മ്മ പദ്ധതി തയ്യാറാക്കിയത്.
രക്ത പരിശോധനയും വൈദ്യ സഹായവുമായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അതിദരിദ്രരുടെ വീടുകളിലെത്തുന്നത്. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ അതിദരിദ്രരുടെ വീടുകളിലെത്തി ആരോഗ്യ പരിശോധന നടത്തുന്നത്. സേവന പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ബ്ലഡ് കൗണ്ട്, ആര്‍ബിഎസ്, ബ്ലഡ് യൂറിയ/ സെറം ക്രിയാറ്റിന്‍, എസ്.ജി.ഒ.ടി./എസ്.ജി.പി.റ്റി., ലിപിഡ് പ്രൊഫൈല്‍, എച്ച്ബിഎസ് തുടങ്ങിയ പരിശോധനകളാണ് നടത്തുന്നത്. വീട്ടിലെ പരിശോധനയ്ക്ക് ശേഷം ആവശ്യമായവര്‍ക്ക് തുടര്‍ചികിത്സ ഉറപ്പാക്കുന്നു. സ്ഥാപന തലത്തില്‍ ഇതിനായി കെയര്‍ കോര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തും. ഗര്‍ഭിണികളായ സ്ത്രീകളെ പ്രസവത്തിനായി കൊണ്ടുപോകുന്നതിനും ആദിവാസികളെ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ ക്രമീകരണമൊരുക്കും. ആശുപത്രിയില്‍ കൂട്ടിരിപ്പുകാരുടെ സേവനം ആവശ്യമെങ്കില്‍ തദ്ദേശ സ്ഥാപനത്തെ അറിയിച്ച് സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കും. മറ്റു ചെലവുകള്‍ ആവശ്യമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹായംതേടും.
ഗര്‍ഭിണികള്‍, കിടപ്പുരോഗികള്‍, പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങള്‍, ജന്മനാ വൈകല്യമുള്ളവര്‍, ഭിന്നശേഷിക്കാര്‍, ഒറ്റയ്ക്കായിപ്പോകുന്ന മുതിര്‍ന്ന പൗരന്മാര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് പിന്തുണ ഉറപ്പാക്കുന്നു. അതിദരിദ്രരുടെ കുടുംബത്തിന് പ്രത്യേക പ്രാധാന്യം നല്‍കി ഓരോ മാസവും അവരുടെ വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തും. കിടപ്പിലായവര്‍ക്കും വയോജനങ്ങള്‍ക്കും ഒറ്റയ്ക്ക് താമസിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കും രണ്ടാഴ്ചയൊരിക്കല്‍ പരിചരണം ഉറപ്പാക്കും. പ്രതിമാസ ആരോഗ്യ പരിശോധന നടത്തുകയും മെഡിക്കല്‍ ഓഫീസര്‍മാര്‍ ഇത് വിലയിരുത്തി തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യും. ഇവരെ വിവിധ സര്‍ക്കാര്‍ ചികിത്സാ പദ്ധതികളില്‍ ഉള്‍പ്പെടുത്തി മതിയായ ചികിത്സ ഉറപ്പാക്കുന്നതാണ്.