'രണ്ടു ദിവസം മുൻപ് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു'; അനിലിന്റെ മരണത്തിൽ അനുശോചിച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ ജനറൽ സെക്രട്ടറിയും തിരുമല വാർഡ് കൗൺസിലറുമായ അനിൽ കുമാറിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വളരെ അടുത്ത് പ്രവർത്തിച്ചിരുന്ന അനിലുമായി വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നെന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു. രണ്ടു ദിവസം മുൻപും അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അനിലിന്റെ മരണത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പാർട്ടി കാര്യകർത്താക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നെന്നും അദ്ദേഹം കുറിച്ചു.
അനിൽ കുമാർ ഭാരവാഹിയായ വലിയശാല ഫാം സൊസൈറ്റിയിൽ പ്രശ്നമുണ്ടായപ്പോൾ ആരും സഹായിച്ചില്ലെന്ന ആത്മഹത്യ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് അനിൽ കുമാർ ജീവനൊടുക്കിയത്. ഇന്ന് രാവിലെ എട്ടരമണിയോടെ തിരുമലയിലുള്ള അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് ആത്മഹത്യ ചെയ്തത്. വലിയശാല ഫാം സൊസൈറ്റിയിൽ ആറ് കോടിയിലധികം രൂപ വായ്പ നൽകിയിട്ടുണ്ട്. ചില സാമ്പത്തിക പ്രശ്നങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ഇതോടെ നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ടിരുന്നു. പണം തിരികെ കൊടുക്കാൻ സാധിക്കാതെ വന്നപ്പോൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
ഈ കേസിൽ അനിൽ കുമാറിനെയാണ് പൊലീസ് വിളിപ്പിച്ചത്. ഈ സംഭവത്തിൽ അനിൽ ഏറെ മാനസിക സമ്മർദ്ദം അനുഭവപ്പെട്ടിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. സാമ്പത്തിക പ്രശ്നത്തിൽ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ല. താനും തന്റെ കുടുംബമോ ഒരു പണം ഇതിൽ നിന്നും എടുത്തിട്ടില്ല. ഇപ്പോൾ എല്ലാ കുറ്റവും തന്റെ പേരിലാണ്. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് കുറിപ്പിലുള്ളത്.