പാക് പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; അക്ഷർ പട്ടേലിന്റെ തലയ്ക്ക് പരിക്ക്
അബുദാബി: ഒമാനെതിരെ നടന്ന ഏഷ്യാ കപ്പ് മത്സരത്തിനിടെ ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ അക്ഷർ പട്ടേലിന് തലയ്ക്ക് പരിക്ക്. മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് സംഭവം. ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ബദ്ധവൈരികളായ പാകിസ്ഥാനെതിരെ നിർണായക രണ്ടാം മത്സരത്തിന് ഒരുങ്ങാനിരിക്കെയാണ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ഏറ്റത്.
ഒമാൻ ഇന്നിംഗ്സിന്റെ 15-ാം ഓവറിൽ, ശിവം ദുബെയുടെ ഹമ്മദ് മിർസ മിഡ് ഓഫിലേക്കടിച്ച ഷോട്ട് തടയാനുള്ള ശ്രമത്തിനിടെയാണ് അക്ഷറിന് പരിക്കേറ്റത്. പന്ത് പിടിക്കാനുള്ള ശ്രമത്തിൽ തലയിടിച്ച് താരം നിലത്തു വീഴുകയായിരുന്നു. ഉടൻ തന്നെ വൈദ്യസഹായം തേടിയ അക്ഷർ, പിന്നീട് മൈതാനത്തേക്ക് ഇറങ്ങിയില്ല. മത്സരത്തിൽ ഒരു ഓവർ മാത്രം പന്തെറിഞ്ഞ താരം നാല് റൺസ് മാത്രമാണ് വഴങ്ങിയത്.
അതേസമയം, ബാറ്റിംഗിൽ അഞ്ചാം നമ്പറിൽ ഇറങ്ങിയ അക്ഷർ, 13 പന്തിൽ നിന്ന് 26 റൺസ് നേടിയിരുന്നു. മദ്ധ്യനിരയിൽ ഇന്ത്യയുടെ സ്കോർ ഉയർത്തുന്നതിൽ അദ്ദേഹത്തിെന്റെ പ്രകടനം നിർണായകമായിരുന്നു. മൂന്ന് ബൗണ്ടറികളും ഒരു സിക്സും ഉൾപ്പെടെയായിരുന്നു അക്ഷറിന്റെ തകർപ്പൻ ഇന്നിംഗ്സ്. ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവർ ടീമിലുണ്ടെങ്കിലും സ്പിൻ ഓൾറൗണ്ടറായി അക്ഷർ മാത്രമാണുള്ളത്.
പരിക്ക് കാരണം അക്ഷറിന് കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്പിന്നർമാരായ കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരെ മാത്രം ആശ്രയിക്കേണ്ടി വരും. അതല്ലെങ്കിൽ അധികമായി ഒരു പേസറെ കൂടി ടീമിൽ ഉൾപ്പെടുത്തിയേക്കും. സ്പിന്നർമാർക്ക് അനുകൂലമായ ദുബായിലെ പിച്ചിൽ അക്ഷറിന്റെ അഭാവം ഇന്ത്യയുടെ സാദ്ധ്യതകളെ കാര്യമായി ബാധിക്കുമോ എന്നാണ് ടീമിന്റെ ആശങ്ക. അവശ്യഘട്ടത്തിൽ വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ട്. അതല്ലെങ്കിൽ അഭിഷേക് ശർമയെപ്പോലെയുള്ള താൽക്കാലിക സ്പിന്നർമാരെ പരീക്ഷിക്കേണ്ടിവരും.
അതേസമയം അക്ഷറിന്റെ പരിക്ക് ഗുരുതരമല്ലെന്നും വേഗത്തിൽ സുഖം പ്രാപിച്ചുവരുന്നതായും ഇന്ത്യയുടെ ഫീൽഡിംഗ് കോച്ച് ടി. ദിലീപ് അറിയിച്ചിട്ടുണ്ട്. എന്നാൽ പാകിസ്ഥാനെതിരായ മത്സരത്തിന് 48 മണിക്കൂറിൽ താഴെ മാത്രം സമയം ശേഷിക്കെ അക്ഷറിന്റെ ഫിറ്റ്നസ് ടീം മാനേജ്മെന്റിനെ ആശങ്കയിലാക്കുന്നുണ്ട്.