സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്‌തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പതിമൂന്നുകാരന്

Saturday 20 September 2025 4:46 PM IST

മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം. മലപ്പുറം സ്വദേശിയായ പതിമൂന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസമാണ് കുട്ടിയെ മെഡിക്കൽ കോളേജിലെത്തിച്ചത്. ഇന്നലെ സാമ്പിളുകൾ എടുത്തിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പത്ത് പേരാണ് ചികിത്സയിലുള്ളത്. ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തൃശൂർ ചാവക്കാട് മണത്തല മലബാരി കുഞ്ഞുമുഹമ്മദിന്റെ മകൻ കുരിക്കളകത്ത് അബ്ദുറഹീം (59) ഇന്നലെ മരിച്ചിരുന്നു. ന്യൂമോണിയ രോഗ ലക്ഷണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ബുധനാഴ്ച അബോധാവസ്ഥയിലായ റഹീമിനെ അയൽവാസികളാണ് മെഡിക്കൽ കോളേജിലെത്തിച്ചത്.

റഹീമിനൊപ്പം ജോലി ചെയ്‌തിരുന്ന കോട്ടയം സ്വദേശിയായ ശശിയേയും താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. സമാനലക്ഷണങ്ങളായിരുന്നു ശശിക്കും ഉണ്ടായിരുന്നതെന്നാണ് വിവരം. കോഴിക്കോട് പന്നിയങ്കരയിലെ ഹോട്ടലിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ഹോട്ടൽ അടച്ചിടാൻ കോർപറേഷൻ നിർദേശം നൽകിയിട്ടുണ്ട്.

എവിടെ നിന്നാണ് റഹീമിന് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. റഹീമും ശശിയും താമസിച്ചിരുന്ന വീട്ടിലെ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് അധികൃതർ ശേഖരിച്ചിട്ടുണ്ട്. കൂടാതെ ഹോട്ടലിലെ വെള്ളത്തിന്റെ സാമ്പിളും ശേഖരിച്ചിട്ടുണ്ട്.