അമീബിക് മസ്തിഷ്കജ്വരം: രോഗാണുക്കളെ വീട്ടിലിരുന്ന് കണ്ടെത്താൻ കഴിയുന്ന കിറ്റ് വികസിപ്പിക്കാൻ ഐ യു സി ബി ആർ

Saturday 20 September 2025 7:34 PM IST

തിരുവനന്തപുരം: വീടുകളിൽ വച്ചുതന്നെ സാധാരണക്കാർക്ക് ജലസ്രോതസുകളിൽ രോഗകാരിയായ അമീബകൾ ഉണ്ടോയെന്ന് കണ്ടെത്താൻ കഴിയുന്ന കിറ്റ് വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് മഹാത്മാഗാന്ധി സർവകലാശാല ഇന്റർ-യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആൻഡ് സൂപ്പർ-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. വീടുകളിൽ തന്നെ രോഗകാരിയായ അമീബകളെ നേരത്തെ കണ്ടെത്താൻ കഴിയുന്നത് ജലസുരക്ഷ ഉറപ്പാക്കാനും ആരോഗ്യഭീഷണി കുറയ്ക്കാനും സഹായിക്കും. ഇതുവഴി ലബോറട്ടറി പരിശോധനകളെയും പൊതുജനാരോഗ്യത്തെയും തമ്മിൽ ബന്ധിപ്പിക്കുകയാണിതിൽ ചെയ്യുന്നത്. ശാസ്ത്രീയ നവീകരണത്തിനും, പൊതുജനാരോഗ്യ സംരക്ഷണത്തിനും, ട്രാൻസ്ലേഷണൽ ഗവേഷണത്തിനുമുള്ള ഐ.യു.സി.ബി.ആറിന്റെ പ്രതിബദ്ധത പ്രതിഫലിക്കുന്ന പദ്ധതിയാണിത്. വീടുകളിൽ വെച്ചു തന്നെ വെള്ളം ടെസ്റ്റ്‌ ചെയ്യാനുള്ള കിറ്റിന്റെ വിനിയോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും.

അതേസമയം അമീബിക് മസ്തിഷ്കജ്വരത്തിനു കാരണമാകുന്ന രോഗാണുക്കളെ കണ്ടെത്താൻ ഐ.യു.സി.ബി.ആറിന്റെ പ്രത്യേക ജലപരിശോധനാ സൗകര്യം ആരംഭിച്ചു. ജലത്തിലൂടെ പകരുന്ന അമീബിക് മസ്തിഷ്കജ്വരം പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് രോഗകാരികളെ കണ്ടെത്തുന്നതിനുള്ള പരിശോധനാ സൗകര്യം ആരംഭിച്ചത്. പ്രധാനമായും അമീബിക്ക് മസ്തിഷ്ക്കജ്വരത്തിനു കാരണമാകുന്ന Naegleria fowleri, Acanthamoeba spp., Balamuthia mandrillaris തുടങ്ങിയ രോഗാണുക്കളെ തിരിച്ചറിയാനാണ് ഈ പരിശോധനാ സൗകര്യം.

മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സി .ടി. അരവിന്ദകുമാർ, ഐ .യു .സി .ബി .ആർ ഡയറക്ടർ ഡോ. രാധാകൃഷ്ണൻ ഇ. കെ, ശാസ്ത്രജ്ഞരായ ഡോ. ഗൗതം ചന്ദ്ര, ഡോ. രാജേഷ് എ. ഷെണോയി എന്നിവരുടെ നേതൃത്വത്തിൽ നിഷാദ് കീത്തേടത്ത്, ആനന്ദ് കൃഷ്ണൻ, സകീന അസ്മി, നീതു പി, അശ്വതി എസ് എന്നീ ഗവേഷകരാണ് പരിശോധനാ പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്.