ഒക്ടോബർ 4ന് പിറവത്ത് വള്ളംകളി ആവേശം

Sunday 21 September 2025 1:34 AM IST

കൊച്ചി: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സി.ബി.ഐ) ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയാറിൽ സംഘടിപ്പിക്കുന്ന പിറവം വള്ളംകളി മത്സരം ഒക്ടോബർ നാലിന് നടക്കും. മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. പിറവം കൊള്ളിക്കൽ ഇറിഗേഷൻ വകുപ്പ് ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ നടന്ന യോഗം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെഹ്രു ട്രോഫി ജേതാക്കളായ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്.

യോഗത്തിൽ 11 കമ്മിറ്റി ചെയർമാൻമാരെ തിരഞ്ഞെടുത്തു. നഗരസഭ ചെയർപേഴ്‌സൺ അഡ്വ. ജൂലി സാബു (ഫിനാൻസ് കമ്മിറ്റി), നഗരസഭ വൈസ് ചെയർമാൻ കെ.പി. സലിം (റേസ് കമ്മിറ്റി), ഡോ. അജേഷ് മനോഹർ (റിസപ്ഷൻ കമ്മിറ്റി), ജിൽസ് പെരിയപ്പുറം (രജിസ്‌ട്രേഷൻ കമ്മിറ്റി), പി. ഗിരീഷ് കുമാർ (ലോ ആൻഡ് ഓർഡർ), രാജു പാണാലിക്കൽ (മീഡിയ ആൻഡ് പബ്ലിസിറ്റി), ജില്ലാ വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി അഡ്വ. ബിമൽ ചന്ദ്രൻ (കൾച്ചറൽ), പ്രശാന്ത് മമ്പുറത്ത് (ട്രാൻസ്‌പോർട്ട് കമ്മിറ്റി), തോമസ് മല്ലിപ്പുറം (സ്‌പോർട്‌സ് കമ്മിറ്റി), അന്നമ്മ ഡോമി(ഫുഡ് കമ്മിറ്റി),വത്സല വർഗീസ് (പ്രാദേശിക വള്ളംകളി) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും സബ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുമായി നാളെ പിറവം നഗരസഭാ ഹാളിൽ യോഗം ചേരുന്നതിനും തീരുമാനിച്ചു. പിറവം നഗരസഭ ചെയർപേഴ്‌സൺ ജൂലി സാബു അദ്ധ്യക്ഷയായി. ചടങ്ങിൽ വിനോദ സഞ്ചാരവകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, നഗരസഭ വൈസ് ചെയർമാൻ കെ.പി. സലിം, മൂവാറ്റുപുഴ ആർ.ഡി.ഒ പി.എൻ. അനി, നഗരസഭ കൗൺസിലർമാർ, വകുപ്പ് തല ഉദ്യോഗസ്ഥർ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.