അടച്ചിട്ട വീട്ടിൽ വെളിച്ചം 39കാരന്റെ ജീവൻ രക്ഷിച്ച് പൊലീസിന്റെ മിന്നൽദൗത്യം

Sunday 21 September 2025 12:26 AM IST

കൊച്ചി: കഴുത്തിൽ കുരുക്കിട്ട് ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ ജീവിതത്തിലേക്ക് തിരികൊണ്ടുവന്ന് പൊലീസിന്റെ മിന്നൽ ആക്ഷൻ. വെള്ളിയാഴ്ച രാത്രി 11നാണ് കൊച്ചി നഗരം രക്ഷാദൗത്യത്തിന് സാക്ഷിയായത്. കൊല്ലം സ്വദേശിയായ സരിനാണ് (29) പങ്കാളിയുടെ കൊച്ചുകടവന്ത്രയിലെ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാൾ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴുത്തിന് നേരിയ പരിക്കുണ്ട്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ല. എറണാകുളം സൗത്ത് സ്റ്റേഷനിലെ എസ്.ഐ പി.ജി. ജയരാജിന്റേ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം. സി.പി.ഒമാരായിരുന്ന സുധീഷ് കുമാറും നിതീഷും കൊച്ചുകടവന്ത്ര സ്വദേശിയായ യുവാവും ഒപ്പമുണ്ടായിരുന്നു.

പട്രോളിംഗിന് ഇറങ്ങുമ്പോഴാണ് പി.ജി. ജയരാജിനും സംഘത്തിനും കൊച്ചുകടവന്ത്രയിലെ അടച്ചിട്ട തങ്ങളുടെ വീട്ടിൽ വെളിച്ചം കണ്ടെന്നും അന്വേഷിക്കണമെന്നും യുവതിയുടെ പരാതി ലഭിച്ചത്. പെരുമ്പാവൂരിലെ ബന്ധുവീട്ടിലായിരുന്നു യുവതി. ഉടൻ പൊലീസ് സ്ഥലത്തെത്തി. സുധീഷും നിതീഷും നാട്ടുകാരനും മതിൽ ചാടി അകത്തുകടന്നു. ജയരാജ് ഗേറ്റ് തകർത്ത് കയറി. തുറന്നിട്ട പിൻവാതിലിലൂടെ അകത്ത് കയറിയപ്പോഴാണ് തൂങ്ങിയ നിലയിൽ സരിനെ കണ്ടത്.

നിമിഷനേരംകൊണ്ട് കെട്ടഴിച്ച് താഴെയിറക്കി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി മോശമായതിനാൽ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കെട്ടിത്തൂങ്ങിയതിനാൽ കഴുത്ത് ചലിപ്പിക്കുന്നത് പ്രശ്‌നം ഗുരുതരമാക്കുമെന്നും കോളർ ധരിപ്പിക്കണമെന്നും ഡോക്ടർമാർ അറിയിച്ചു. തുടർന്ന് കോളറിനായുള്ള പാച്ചിലിലായിരുന്നു പൊലീസ്. സ്ഥാപനങ്ങളെല്ലാം പൂട്ടിയിരുന്നതിനാൽ സ്വകാര്യ ആശുപത്രിയിൽ നിന്ന് സംഘടിപ്പിച്ചു.

വീട്ടുടമയായ യുവതിയും സരിനും ഒന്നിച്ചാണ് ഈ വീട്ടിൽ താമസം. ഇരുവരും തമ്മിലുണ്ടായ അകൽച്ചയുടെ മനോവിഷമത്തിലാണ് സരിൻ ആത്മഹത്യയ്ക്ക് തുനിഞ്ഞത്.

ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. ഒരു മണിക്കൂർ മുമ്പ് തൂങ്ങിമരണ സംഭവത്തിൽ മൃതദേഹം ആശുപത്രിയിലെത്തിച്ച ശേഷം അടുത്ത പട്രോളിംഗിനിറങ്ങുമ്പോഴായിരുന്നു സരിന്റെ പങ്കാളിയുടെ വിളിയെത്തിയത്.

പി.ജി. ജയരാജ്

എസ്.ഐ