സിദ്ധാർത്ഥിന്റെ മരണം; ഡീൻ എം കെ നാരായണനെ തരംതാഴ്ത്തി, അസിസ്റ്റന്റ് വാർഡനെതിരെയും നടപടി
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് ഡീൻ ആയിരുന്ന ഡോ. എം കെ നാരായണന് തരംതാഴ്ത്തലോട് കൂടിയ സ്ഥലംമാറ്റം. ജെ എസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. അസിസ്റ്റന്റ് വാർഡൻ കാന്തനാഥനെയും സ്ഥലം മാറ്റി. ഇദ്ദേഹത്തിന്റെ രണ്ടു വർഷത്തെ പ്രമോഷനും തടയും.
ബോർഡ് ഓഫ് മാനേജ്മെന്റിന്റെതാണ് തീരുമാനം. ഇരുവരുടെയും വാദം കേട്ടശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. എം കെ നാരായണനെ വെറ്ററിനറി കോളേജിലേക്കും കാന്തനാഥനെ തിരുവാഴാംകുന്ന് പൗൾട്രി കോളേജിലേക്കുമാണ് സ്ഥലം മാറ്റിയത്. നാരായണന് മൂന്ന് വർഷത്തേക്ക് ഭരണപരമായ ചുമതലകൾ നൽകില്ല.
2024 ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റൽ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നുതന്നെ സിദ്ധാർത്ഥിന്റെ മരണത്തിൽ ആരോപണം ഉയർന്നിരുന്നുവെങ്കിലും സിദ്ധാർത്ഥിന്റെ കുടുംബം ദിവസങ്ങൾക്ക് ശേഷം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയപ്പോൾ മാത്രമാണ് മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ദിവസങ്ങൾ നീണ്ട ക്രൂരമായ മർദ്ദനങ്ങൾക്കും മാനസിക പീഡനത്തിനും ശേഷമാണ് സിദ്ധാർത്ഥൻ തൂങ്ങി മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം, മകന്റെ മരണം കൊലപാതകമാണെന്നാണ് പിതാവ് ജയപ്രകാശ് ആരോപിച്ചത്. തുടർന്ന് ആദ്യം ലോക്കൽ പൊലീസും പിന്നീട് സി.ബി.ഐയും കേസന്വേഷിച്ചു. മരണം കൊലപാതകമാണെന്ന് കണ്ടെത്തിയില്ലെങ്കിലും സിദ്ധാർത്ഥൻ നേരിട്ടത് ക്രൂര പീഡനങ്ങളാണെന്ന് ഇരുഅന്വേഷണ സംഘങ്ങൾക്കും ബോദ്ധ്യമായി. സി.ബി.ഐ പ്രാഥമികാന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെ കുറ്റപത്രത്തിൽ ഉൾപ്പെട്ട 19 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. റാഗിംഗ്, ആത്മഹത്യാ പ്രേരണ, മർദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.