ഇന്ത്യയ്ക്കെതിരായ നാളത്തെ മത്സരത്തിൽ പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറി, സമ്മർദ്ദമകറ്റാൻ സൈക്കോളജിസ്റ്റിനെ നിയമിച്ച് പാകിസ്ഥാൻ
അബുദാബി: ടീമംഗങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സ്‌പോർട്‌സ് സൈക്കോളജിസ്റ്റിനെ നിയമിച്ച് പാകിസ്ഥാൻ. ഏഷ്യാ കപ്പിൽ ഇന്ത്യയുമായി നടക്കുന്ന മത്സരത്തിന് മുന്നോടിയായാണ് ടീം മാനേജ്മെന്റിന്റെ നീക്കം. സെപ്തംബർ 21-ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഡോക്ടർ റഹീൽ ആണ് ടീമിനൊപ്പം സ്‌പോർട്‌സ് സൈക്കോളജിസ്റ്റായി ചേർന്നിട്ടുള്ളതെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) വൃത്തങ്ങൾ അറിയിച്ചു. ഹസ്തദാന വിവാദം കെട്ടടങ്ങും മുമ്പാണ് ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വീണ്ടും നേർക്കു നേർ എത്തുന്നത്.
മത്സരത്തിന് മുന്നോടിയായി ദുബായിൽ നടന്ന പത്രസമ്മേളനത്തിൽ ടീമംഗങ്ങൾ കഴിഞ്ഞ മത്സരങ്ങളിൽ തങ്ങൾക്കുണ്ടായ ബാറ്റിംഗ് പിഴവുകൾ തുറന്നുസമ്മതിക്കുകയും സൂപ്പർ ഫോർ ഘട്ടത്തിൽ മികച്ച പ്രകടനം നടത്തുമെന്ന് മാനേജ്‌മെന്റിന് ഉറപ്പ് നൽകുകയും ചെയ്തു. മുഖ്യ പരിശീലകൻ മൈക്ക് ഹെസ്സൻ കളിക്കാരിൽ പൂർണ്ണ വിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യയുമായുള്ള മത്സരത്തിലെ സമ്മർദ്ദം കൈകാര്യം ചെയ്യാനും കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മാനസിക പിന്തുണ ടീമിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. മുൻ മത്സരങ്ങളിലെ തോൽവിക്ക് ശേഷം, തങ്ങളുടെ ഭാഗ്യം തിരിച്ചുപിടിക്കാൻ തീവ്രമായ പരിശീലനത്തിലാണ് പാകിസ്ഥാൻ. ഉയർന്ന സമ്മർദ്ദമുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ ശാരീരികക്ഷമത പോലെതന്നെ മാനസികമായ കരുത്തും പ്രധാനമാണെന്ന് കായിക വിദഗ്ദ്ധർ പറയുന്നു. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ തങ്ങളുടെ പുതിയ തന്ത്രം ടീമിന് നിർണായകമായ മുൻതൂക്കം നൽകുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാൻ.
അതേസമയം ഗ്രൂപ്പ് ഘട്ടത്തിലെ ഹസ്തദാന സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലും ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിൽ ആൻഡി പൈക്രോഫ്റ്റ് തന്നെയായിരിക്കും മാച്ച് റഫറിയായി തുടരുന്നത്. ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് പാകിസ്ഥാൻ പൈക്രോഫ്റ്റിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാൽ പാകിസ്ഥാന്റെ അഭ്യർത്ഥന ഐസിസി നിരസിക്കുകയും ടൂർണമെന്റിൽ അദ്ദേഹത്തെ തുടരാൻ അനുവദിക്കുകയുമായിരുന്നു.