അമീബിക് മസ്തിഷ്‌ക ജ്വരം; ജല സ്രോതസുകളിലെ ക്ലോറിനേഷൻ ഊർജിതമാക്കും

Sunday 21 September 2025 1:15 AM IST

പാലക്കാട്: ജലസ്രോതസുകൾ കൂടുതലുള്ള ജില്ല എന്നത് കണക്കിലെടുത്തും രണ്ടുപേർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യം കണക്കിലെടുത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിൽ നീന്തൽ പരിശീലനം നടക്കുന്ന ജലസ്രോതസുകളിലുൾപ്പെടെ ശുചീകരണം ഊർജ്ജിതമാക്കും. ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ച റാപിഡ് റെസ്‌പോൺസ് ടീം(ആ‌ർ.ആർ.ടി) യോഗം, ജില്ലാതല ടാസ്‌ക് ഫോഴ്സ് യോഗം എന്നിവയിലാണ് തീരുമാനം.

 ശ്രദ്ധിക്കണം വാട്ടർ ടാങ്കറുകളും

തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള എല്ലാ ജലസ്രോതസുകളും ശുചീകരിച്ച് അവയ്ക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. ഫ്ളാറ്റുകളിലെ സ്വിമ്മിംഗ് പൂളുകൾ, ജലസംഭരണികളുടെ ശുചീകരണം എന്നിവ ഉറപ്പാക്കും. കുടിവെള്ളം വാട്ടർ ടാങ്കറുകളിൽ വിതരണം ചെയ്യുന്നവരും പ്രത്യേക ശ്രദ്ധ പുലർത്തണം. വാട്ടർ ടാങ്കറുകളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി എന്നും ഉറപ്പുവരുത്തണം. മഴ കുറഞ്ഞ സാഹചര്യത്തിൽ കെട്ടിക്കിടക്കുന്ന ജലം കൂടുതൽ മലിനമാകാൻ സാദ്ധ്യതയുള്ളതിനാൽ മുതിർന്നവരും കുട്ടികളും ഇത്തരം ജലസ്രോതസുകളിൽ ഇറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായി കുട്ടികൾക്കിടയിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം. സ്‌കൂളുകളിലെ കിണറുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്നുണ്ടെന്ന് മെഡിക്കൽ ഓഫീസർമാർ ഉറപ്പുവരുത്തണം. പഞ്ചായത്ത് അടിസ്ഥാനത്തിൽ വീടുകളിലെ കിണറുകളിലെ ക്ലോറിനേഷൻ കൃത്യമായി നടക്കുന്നുണ്ടെന്നും മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. മേൽപ്പറഞ്ഞ എല്ലാ പ്രവർത്തനങ്ങളും പഞ്ചായത്ത് തലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും ഏകോപനത്തിൽ നടത്തേണ്ടതാണെന്നും ജില്ലാകളക്ടർ നിർദ്ദേശിച്ചു. ജലമാണ് ജീവൻ പദ്ധതിയുടെ പുരോഗതി യോഗത്തിൽ ജില്ലാ കളക്ടർ വിലയിരുത്തി. ജില്ലയിലെ പകർച്ചവ്യാധികളുടെ സ്ഥിതി വിവരകണക്കുകളും, മീസിൽസ്, റുബെല്ല, പോളിയോ വാക്സിനേഷനുകളുടെ ജില്ലയിലെ പുരോഗതിയും ഇതോടൊപ്പം നടന്ന ജില്ലാതല ടാസ്‌ക് ഫോഴ്സ് മീറ്റിങ്ങിൽ വിലയിരുത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.വി.റോഷ്, ജില്ലാ സർവയ്ലൻസ് ഓഫീസർ ഡോ. കാവ്യ കരുണാകരൻ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എ.കെ. അനിത തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.