വിവരാവകാശ രേഖ നൽകൽ; നെന്മാറ വില്ലേജ് ഓഫീസർക്ക് വീഴ്ച പറ്റിയെന്ന്

Sunday 21 September 2025 1:16 AM IST

നെന്മാറ: വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയ ആൾക്ക് സമയപരിധിക്കുള്ളിൽ നെന്മാറ വില്ലേജാഫീസർ വിവരം നൽകിയില്ലെന്ന കണ്ടെത്തലുമായി അപ്പീൽ അധികാരിയായ ചിറ്റൂർ താലൂക്ക് ദൂരേഖ തഹസിൽദാർ. അപ്പീലിൻ മേൽ നടന്ന വിചാരണയിൽ വില്ലേജോഫീസറുടെ വീഴ്ച ബോധ്യപ്പെട്ടതായും ആവശ്യപ്പെട്ട രേഖ ഉടൻ നൽകാൻ നിർദ്ദേശം വില്ലേജോഫീസർക്ക് നൽകിയതായും തഹസിൽദാർ അപേക്ഷകനെ അറിയിച്ചു. നെന്മാറ ഹരിത നഗറിലെ എസ്.രാഹുൽ ആണ് സ്വകാര്യ വ്യക്തി തന്റെ പുരയിടത്തിനടുത്തുള്ള വഴി കയ്യേറിയതു സംബന്ധിച്ചും തന്റെ കൃഷിസ്ഥലത്തേക്കുള്ള വെള്ളം തടസപ്പെട്ടതു സംബന്ധിച്ചതുമായ വിവരങ്ങൾക്കായി ജൂൺ 28ന് നെന്മാറ വില്ലേജോഫീസിൽ അപേക്ഷ നൽകിയത്. എന്നാൽ 30 ദിവസമെന്ന സമയ പരിധി കഴിഞ്ഞ് ആഗസ്റ്റ് രണ്ടിനാണ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായ വില്ലേജോഫീസറിൽ നിന്ന് മറുപടി ലഭിച്ചത്. മറുപടിയിൽ ആവശ്യപ്പെട്ട വിവരങ്ങൾ ലഭിച്ചില്ലെന്ന് മാത്രമല്ല വിവരങ്ങൾ തരാൻ നിർവ്വാഹമില്ലെന്നും വില്ലേജോഫീസിൽ ഇവ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും സൂചിപ്പിച്ചിരുന്നു. ഇത് വിവരാവകാശ നിയമത്തിന്റെ ലംഘനത്തിലുൾപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി രാഹുൽ അപ്പീൽ അധികാരിയായ ചിറ്റൂർ ഭൂരേഖ തഹസിൽദാർക്ക് അപേക്ഷ സമർപ്പിക്കുകയായിരുന്നു. വിവരാവകാശ അപേക്ഷകളിൽ മേൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അപേക്ഷകൻ ആവശ്യപ്പെട്ട വിവരാവകാശ രേഖകൾ ഉടൻ നൽകണമെന്നും വില്ലേജോഫീസർക്ക് നിർദ്ദേശം നൽകി. എന്നാൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ വിവരാവകാശ പ്രകാരമുള്ള വിവരങ്ങൾ തനിക്ക് നിഷേധിച്ച വില്ലേജോഫീസർക്കെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് രാഹുൽ.