തദ്ദേശ തിരഞ്ഞെടുപ്പ്: പാർട്ടി ചിഹ്നങ്ങൾ അനുവദിച്ചു
തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്നോടിയായി ആറ് ദേശീയ പാർട്ടികൾക്കും ആറ് സംസ്ഥാന പാർട്ടികൾക്കും 28 പ്രാദേശിക പാർട്ടികൾക്കും ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ കരട് വിജ്ഞാപനമിറക്കി.രണ്ടാഴ്ചക്കുളളിൽ പരാതികളുള്ളവർക്ക് അറിയിക്കാം.ചിഹ്നങ്ങൾ www.sec.kerala.gov.in വെബ് സൈറ്റിൽ പരിശോധിക്കാം.
ഇതിനകം ചിഹ്നം അനുവദിച്ചിട്ടില്ലാത്ത രാഷ്ട്രിയ പാർട്ടികൾക്ക് ആവശ്യമെങ്കിൽ അപേക്ഷിക്കുന്ന മുറയ്ക്ക് സ്വതന്ത്ര ചിഹ്നം അനുവദിക്കും. അപേക്ഷയോടൊപ്പം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പും സ്റ്റേറ്റ് ഭാരവാഹിയെ ചുമതലപ്പെടുത്തിയ അധികാര പത്രവും നൽകണം. സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിലുളളതും മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകാത്തതുമായ ചിഹ്നമാണ് മുൻഗണനാ അടിസ്ഥാനത്തിൽ അനുവദിക്കുന്നത്.
ഒന്നാം പട്ടികയിൽ ദേശീയപാർട്ടികളായ ആം ആദ്മി പാർട്ടി (ചൂല്) ,ബഹുജൻ സമാജ് പാർട്ടി (ആന),ഭാരതീയ ജനതാപാർട്ടി (താമര),സി.പി.എം (ചുറ്റികയും അരിവാളും നക്ഷത്രവും), കോൺഗ്രസ് (കൈ),നാഷണൽ പീപ്പിൾസ് പാർട്ടി (ബുക്ക്) എന്നിവർക്കും രണ്ടാം പട്ടികയിൽ സംസ്ഥാന പാർട്ടികളായ സി.പി.ഐ(ധാന്യക്കതിരും അരിവാളും),ജനതാദൾ-എസ് (തലയിൽ നെൽക്കതിരേന്തിയ കർഷക സ്ത്രീ),മുസ്ലീം ലീഗ് (ഏണി), കേരള കോൺഗ്രസ് (എം) (രണ്ടില), കേരളകോൺഗ്രസ് (ഓട്ടോറിക്ഷ), ആർ.എസ്.പി (മൺവെട്ടിയും മൺകോരിയും) എന്നിവർക്കും ചിഹ്നങ്ങൾ അനുവദിച്ചു.മൂന്നാം പട്ടികയിൽ,മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാർട്ടികളും കേരള അസംബ്ലിയിലൊ സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശ സ്ഥാപനത്തിലൊ അംഗങ്ങളുളളതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുളളതുമായ 28 രാഷ്ട്രിയ പാർട്ടികൾക്കും ചിഹ്നം അനുവദിച്ചിട്ടുണ്ട്.