സ്റ്റാഫ് അംഗത്തിന്റെ ശമ്പളം: പുനഃപരിശോധനയ്ക്ക് നിർദ്ദേശിച്ച് ഗവർണർ

Sunday 21 September 2025 12:06 AM IST

ഉത്തരവ് സർക്കാരിലേക്ക് തിരിച്ചയച്ചു

തിരുവനന്തപുരം: ഗവർണറുടെ അഡി.പ്രൈവറ്റ് സെക്രട്ടറി പി.ശ്രീകുമാറിന് താൻ നിശ്ചയിച്ച 59,000- 1,20,900 സ്കെയിൽ സർക്കാർ വെട്ടിയതിൽ ഗവർണർക്ക് അതൃപ്തി. ആകെ ശമ്പളം 49150രൂപയായി നിശ്ചയിച്ച് സർക്കാർ ഇറക്കിയ ഉത്തരവ് രാജ്ഭവൻ ധനവകുപ്പിലേക്ക് തിരിച്ചയച്ചു. പുനഃപരിശോധിക്കാൻ ധനകാര്യ സെക്രട്ടറിക്ക് ഗവർണർ നിർദ്ദേശം നൽകി. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയെന്നും പുനഃപരിശോധന നടക്കുകയാണെന്നും ധനസെക്രട്ടറി രാജ്ഭവനെ അറിയിച്ചു. ഗവർണറുടെ കാലാവധിക്കൊപ്പം അഡി.പ്രൈവറ്റ് സെക്രട്ടറിയുടെ കൂടി കാലാവധി കഴിയുന്ന കോ-ടെർമിനസ് വ്യവസ്ഥയിലായിരിക്കണം നിയമനമെന്നും ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ മേയിലാണ് ജന്മഭൂമി ഓൺലൈൻ എഡിറ്റർ പി.ശ്രീകുമാറിനെ 59,000- 1,20,900 സ്കെയിലിൽ നിയമിച്ച് രാജ്ഭവൻ സെക്രട്ടറി ഉത്തരവിറക്കിയത്. ഒരു വർഷത്തേക്കാണ് നിയമനമെങ്കിലും നീട്ടി നൽകാനാവുന്ന തരത്തിലായിരുന്നു ഉത്തരവ്. നിയമന ഉത്തരവ് സർക്കാരിന് കൈമാറിയപ്പോഴാണ് ഉടക്കിട്ടത്. കേരള സർവകലാശാലാ സെനറ്റംഗവുമായ ശ്രീകുമാർ കോട്ടയം പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശിയാണ്. 35വർഷമായി പത്രപ്രവർത്തകനാണ്. ജന്മഭൂമി ന്യൂഡൽഹി, തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു. ജന്മഭൂമി ചീഫ് എഡിറ്ററായിരുന്ന ഹരി എസ്. കർത്തയാണ് ഗവർണറുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒ.എസ്.ഡി).