ന്യൂനപക്ഷ സംഗമമെന്നത് കള്ള പ്രചാരണം : പിണറായി

Sunday 21 September 2025 12:17 AM IST

പമ്പ: സർക്കാർ ന്യൂനപക്ഷസംഗമം നടത്താൻ പോകുന്നു എന്നത് കള്ളപ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാര്യങ്ങൾ യഥാർത്ഥത്തിൽ മനസിലാക്കാതെയോ, മനസിലാക്കിയിട്ടും സർക്കാരിനെതിരെ ഒരു നനഞ്ഞ പടക്കമെങ്കിലും എറിഞ്ഞ് കുറച്ചു പേരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാം എന്നു കരുതിയോ ആവാമിത്. ഐക്യകേരളത്തിന്റെ പ്ലാറ്റിനം ജൂബിലി വർഷമായ 2031 ൽ കേരളം എങ്ങനെയൊക്കെ വികസിച്ചു മുന്നോട്ടുപോകണം എന്നതിനെപ്പറ്റി സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ച് കേരളത്തിന്റെ ഭാവിപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി ഒക്‌ടോബറിൽ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ 33 സെമിനാറുകൾ നടത്തുന്നുണ്ട്. ഓരോ വകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തിലായിരിക്കുമിത്. സെമിനാറുകൾ സംഘടിപ്പിക്കുന്നതിന് 18 മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. അങ്ങനെയുള്ള സെമിനാറുകളിൽ ഒന്നു മാത്രമാണ് ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.