ജി.എസ്.ടി ഇളവ് നാളെ മുതൽ : മരുന്നുകളുടെ വില കുറയും

Sunday 21 September 2025 12:17 AM IST

​ കുറയുന്നത് ക്യാ​ൻ​സ​റി​ന് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ 34 ​മ​രു​ന്നു​ക​ൾ​ക്ക് ​

തിരുവനന്തപുരം : ക്യാൻസർ,ഹീമോഫീലിയ,ന്യൂറോ,വിവിധ ജീവിതശൈലി രോഗങ്ങൾ എന്നിവയ്ക്ക് ദീർഘകാലത്തേക്ക് മരുന്ന് കഴിക്കുന്നവർക്ക് നാളെ മുതൽ ആശ്വാസം. മരുന്നിന്റെ ജി.എസ്.ടി 12ശതമാനത്തിൽ നിന്ന് അഞ്ചായി കുറച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനം നടപ്പാകുന്നതോടെയാണിത്.

ക്യാൻസർ,ഹീമോഫീലിയ, സ്‌പൈനൽ മസ്ക്കുലർ അട്രോഫി, മാരക ശ്വാസകോശ രോഗികൾക്ക് ഇരട്ടി ആശ്വാസം.ഇവർക്കുള്ള 34 മരുന്നുകളുടെ ജി.എസ്.ടി പൂർണമായി ഇല്ലാതായി.

□കരളിലെ ക്യാൻസറിനുള്ള അലക്‌റ്റിനിബ് ഗുളികയ്ക്ക് ഒരാഴ്ചത്തേക്ക് 1.20ലക്ഷം രൂപയായിരുന്നത് ജി.എസ്.ടിയില്ലാതായതോടെ 1.06 ലക്ഷം രൂപയ്ക്ക് ലഭിക്കും.14,471രൂപ കുറയും. 56 ഗുളികയാണ് അലക്‌റ്റിനിബിന്റെ ഒരു പായ്ക്കറ്റിൽ. പ്രതിദിനം ആറു മണിക്കൂർ ഇടവിട്ട് എട്ട് ഗുളികയാണ് കഴിക്കേണ്ടത്.

□ഹീമോഫീലിയ രോഗികൾക്കുള്ള എമിസിസുമാബ് ഇൻജക്ഷൻ മരുന്നിന് വിപണയിൽ 2.94

ലക്ഷം രൂപയാണ്. നാളെ മുതൽ 35,300 രൂപ കുറഞ്ഞ് 2.59 ലക്ഷത്തിന് ലഭിക്കും. ഒരു ഡോസ് മരുന്നിന്റെ വിലയാണിത്. കുറഞ്ഞത് ഒരു ഡ‌ോസ് പ്രതിമാസം വേണം. രക്തസ്രാവം കൂടുതലാണെങ്കിൽ കൂടുതൽ ഡോസ് .

. □സ‌്പൈനൽ മസ്ക്കുലർ അട്രോഫി രോഗികൾക്കുള്ള റിസ്ഡിപ്ലാം പൗഡറിന് വിപണി

വില 6.09ലക്ഷം രൂപ. 73,000രൂപ കുറഞ്ഞ് ഇനി 5.36ലക്ഷമാകും. പ്രതിമാസം ഒരു ഡോസ് .

□ഗുരുതര ശ്വാസകോശ രോഗത്തിനുള്ള മെപോളിസുമാബ് ഇൻജക്ഷന് 79,853 രൂപയാണ്. ഇനി ഇത് 70,000രൂപയാകും.

ഇൻസുലിന്

മാറ്റമില്ല

ഇൻസുലിൻ മരുന്നുകൾക്ക് നിലവിലുള്ള അ‌ഞ്ച് ശതമാനം ജി.എസ്.ടി തുടരും.

പ്രമേഹത്തിനുള്ള ഇൻസുലിൻ ഒഴികെയുള്ളവയ്ക്ക് 12ശതമാനം ജി.എസ്.ടി അഞ്ചാവും.

ഗ്ലിമിപിറൈഡ്, മെറ്റ്ഫോർമിൻ എന്നിവയാണ് സാധാരണ ഉപയോഗിക്കുന്ന ഗുളികകൾ.

രക്തസമ്മർദ്ദം, കൊളസ്ട്രോൾ, നാഡീ,ഞരമ്പ് രോഗങ്ങൾക്കുള്ള മരുന്നുകൾക്കും അഞ്ചായി ജി.എസ്.ടി കുറഞ്ഞു.

ബി.പി അപ്പാരറ്റസ്,ഗ്ലൂക്കോമീറ്റർ തുടങ്ങിയവയ്ക്കും ജി.എസ്.ടി അഞ്ചായി കുറഞ്ഞു.

ഏഴ് % കുറയ്ക്കണം

നിലവിൽ വിപണിയിലുള്ള മരുന്നുകളെല്ലാം 12 ശതമാസം ജി.എസ്.ടിയുള്ളതാണെങ്കിലും നാളെ മുതൽ ഈ നിരക്കിൽ വിൽക്കാനാകില്ല. എം.ആർ.പിയിൽ നിന്ന് ഏഴ് ശതമാനം കുറച്ചായിരിക്കണം നൽകേണ്ടത്. ഈവർഷം ഡിസംബർ 31വരെ പഴയ സ്റ്റോക്കിൽ തിരുത്തൽ വരുത്താനോ സ്റ്റിക്കർ പതിപ്പിക്കാനോ പാടില്ലെന്നാണ് കേന്ദ്ര നിർദ്ദേശം. പുതിയ സ്റ്റോക്ക് അഞ്ച് ശതമാനമായി വില കുറഞ്ഞ് വരുന്നത് വരെ പഴയ സ്റ്റോക്ക് വാങ്ങിയാലും ഇതേ ഇളവ് ഗുണഭോക്താക്കൾക്ക് ലഭിക്കണം.

ക്യാൻസർ,അവയവമാറ്റ ശസ്ത്രക്രിയ രോഗികൾക്ക് ആവശ്യമായ എല്ലാ മരുന്നുകൾക്കും ജി.എസ്.ടി പൂർണമായി ഒഴിവാക്കിയാൽ സാധാരണക്കാർക്ക് കൈത്താങ്ങാകും.

-ബിജു.എ

ചീഫ് ഫാർമസിസ്റ്റ്.

മെഡി. കോളേജ് തിരു..