ഹൃദയപൂർവ്വം മോഹൻലാലിന്

Sunday 21 September 2025 12:22 AM IST
മോഹൻലാൽ

കോഴിക്കോട്: മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത് കരിയറിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ. ആഗോളതലത്തിൽ ഹിറ്റായി മാറിയ എമ്പുരാനായിരുന്നു ഈ വ‌ർഷത്തെ ആദ്യ ചിത്രം. മാർച്ച് 27ന് റിലീസ് ചെയ്ത പ്രിഥിരാജ് സംവിധാനം ചെയ്ത എമ്പുരാൻ കേരളത്തിൽ നിന്ന് മാത്രം 86 കോടി രൂപയും ആഗോളതലത്തിൽ 265 കോടിയും നേടി റെക്കാഡിട്ടു. ഏപ്രിൽ 24ന് റിലീസ് റിലീസ് ചെയ്ത തരുൺ മൂർത്തി ചിത്രം തുടരും മലയാള സിനിമയിലെ ഇൻഡസ്ട്രിയൽ ഹിറ്റായി മാറി. കേരളത്തിൽ നിന്ന് 118 കോടി കളക്ഷൻ നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 233 കോടി രൂപയാണ് കൊയ്തെടുത്തത്. തുടരുമിലെ മോഹൻലാലിന്റെ അഭിനയവും പ്രേക്ഷകരുടെ കൈയടി നേടിയതോടെ ഒരേ സമയം സൂപ്പർ താരവും മികച്ച അഭിനേതാവുമാണ് താനെന്ന് മോഹൻലാൽ വീണ്ടും തെളിയിച്ചു. ജൂൺ ആദ്യം റീ റിലീസിനെത്തിയ ഛോട്ടാമുംബൈ വലിയ ഓളമാണ് തിയറ്ററുകളിൽ സൃഷ്ടിച്ചത്. അഞ്ച് കോടിയോളം രൂപ ചിത്രം കളക്ട് ചെയ്തു. സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവമായിരുന്നു മോഹൻലാലിന്റെ ഓണം റിലീസ്. തിയറ്ററുകളിൽ ഇപ്പോഴും മികച്ച പ്രതികരണത്തോടെ കളിക്കുന്ന ചിത്രം 75 കോടിയോളമാണ് ബോക്സോഫീസ് കളക്ഷൻ നേടിയത്. ഈ വർഷം ഹാട്രിക്ക് ഹിറ്റ് നേടിയ മോഹൻലാൽ തുടർച്ചയായി മൂന്ന് 50 കോടി കളക്ഷൻ നേടിയ മലയാളത്തിലെ ആദ്യ താരവുമായി മാറി. പാൻ ഇന്ത്യാ റിലീസായ വൃഷഭയാണ് വരാനുള്ള മോഹൻലാൽ ചിത്രം. ഒക്ടോബർ 16ന് ചിത്രം തിയറ്ററുകളിലെത്തും. ജിത്തു ജോസഫ് ചിത്രമായ ദൃശ്യം 3 ഉം ഈ വർഷം അവസാനം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.