മരുന്നുകൾ പുതിയ നിരക്കിൽ വിൽക്കണം : എ.കെ.സി.ഡി.എ

Sunday 21 September 2025 12:25 AM IST

കൊച്ചി: നാളെ മുതൽ പുതുക്കിയ ജി.എസ്.ടി നിരക്ക് പ്രകാരമുള്ള മരുന്നുകൾ വിൽക്കണമെന്ന് മരുന്ന് വ്യാപാരികൾക്ക് നിർദ്ദേശം നൽകിയതായി കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷൻ (എ.കെ.സി.ഡി.എ) പ്രസിഡന്റ് എ.എൻ. മോഹൻ, ജനറൽ സെക്രട്ടറി ആന്റണി തര്യൻ എന്നിവർ അറിയിച്ചു.

പുതുക്കിയ ഘടനയനുസരിച്ച് 33 ജീവൻരക്ഷാ മരുന്നുകളെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യ മരുന്നുകളുടെ ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായും ഹെൽത്ത് സപ്ലിമെന്റുകളുടെ ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായും കുറച്ചിട്ടുണ്ട്. ഇതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.

പഴയ സ്‌റ്റോക്കുകളിലുള്ള മരുന്നുകൾ പുതുക്കിയ ജി.എസ്.ടി നിരക്കിൽ വിൽക്കുമ്പോൾ ചെറുകിട മരുന്ന് വ്യാപാരികൾക്ക് നിശ്ചിത ശതമാനം നഷ്ടം സംഭവിക്കുന്നുണ്ട്. ഇത് നികത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മരുന്ന് നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.