കേസ് നടത്തിപ്പ്: ബിൽ യൂണിവേഴ്സിറ്റികൾക്ക് അയയ്ക്കാൻ ഗവർണർ

Sunday 21 September 2025 12:00 AM IST

തിരുവനന്തപുരം: സർവകലാശാലകളുമായി ബന്ധപ്പെട്ട് ചാൻസലറായ ഗവർണർ കക്ഷിയായ കേസുകളുടെ നടത്തിപ്പിനുള്ള ബില്ലുകൾ ഗവർണർ സർവകലാശാലകൾക്ക് കൈമാറും. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളുമായി ബന്ധപ്പെട്ട കേസുകളിൽ 11ലക്ഷം രൂപയുടെ ബില്ലാണ് രാജ്ഭവനിലുള്ളത് അറ്റോർണി ജനറലിന്റെ ഓഫീസിൽ നിന്നടക്കം കേസ് നടത്തിപ്പിന്റെ ബില്ലുകൾ രാജ്ഭവനിലെത്തിയിട്ടുണ്ട്.

സർവകലാശാലകളുമായി ബന്ധമില്ലാത്ത മറ്റ് കേസുകളുടെ ബില്ലുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞു വച്ചിരിക്കുന്നതിനടക്കം സർക്കാർ ഗവർണർക്കെതിരേ സുപ്രീംകോടതിയിൽ നൽകിയ കേസുകളിലേതാണ് ഈ ബില്ലുകൾ. മുൻകാലങ്ങളിൽ അഡ്വക്കേറ്റ് ജനറലോ സർക്കാർ അഭിഭാഷകരോ ആയിരുന്നു ഗവർണർക്കായി ഹാജരായിരുന്നത്. ഇപ്പോൾ സർക്കാരാണ് ചാൻസലർക്കെതിരേ കേസു കൊടുക്കുന്നത്. അതിനാൽ അറ്റോർണി ജനറലാണ് സുപ്രീംകോടതിയിൽ ചാൻസലർക്കായി ഹാജരാവുന്നത്. മറ്റ് കോടതികളിൽ സർക്കാർ അഭിഭാഷകരെ ഒഴിവാക്കി സ്വന്തം നിലയിൽ അഭിഭാഷകരെ നിയോഗിക്കുന്നു.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ ഗവർണർ നിയമിച്ച വി.സിമാർക്കെതിരെയാണ് സർക്കാർ കേസിനു പോയത്. കേസ് നടത്തിപ്പിന് രാജ്ഭവന് പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടില്ല. ചാൻസലർ സർവകലാശാലകളുടെ ഭാഗമാണെന്നാണ് രാജ്ഭവന്റെ വിശദീകരണം.