ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട യുവതികൾക്കെതിരെ കാപ്പ

Sunday 21 September 2025 12:50 AM IST

നാട്ടിക: വലപ്പാട് സ്റ്റേഷൻ പരിധിയിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട രണ്ട് യുവതികളെ കാപ്പ ചുമത്തി, നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഇയ്യാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് കാപ്പ പ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തിയത്.

ഹിമ, സ്വാതി എന്നിവർ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാനായി കഴിഞ്ഞ ജൂൺ 16 മുതൽ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ഓഫീസിൽ ഒപ്പിടാനായി ഉത്തരവായിരുന്നു. ഈ ഉത്തരവ് ലംഘിച്ച് മരണവീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇവരെ കാപ്പ നിയമ പ്രകാരം നാടുകടത്തുന്നത്. ഹിമ, സ്വാതി എന്നിവർ വലപ്പാട് പൊലീസ് സ്റ്റേഷനിൽ കവർച്ചാകേസിലും വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതികളാണ്. റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കറാണ് കാപ്പ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.