ഫാൽകെ നിറവിൽ മോഹന വിസ്മയം

Sunday 21 September 2025 12:58 AM IST

ന്യൂഡൽഹി: മഹാനടൻ മോഹൻലാലിന് ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ്. 2023ലെ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. സ്വർണ കമലവും 10 ലക്ഷം രൂപയുമടങ്ങുന്ന പുരസ്‌കാരം ചൊവ്വാഴ്ച ഡൽഹിയിൽ ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ രാഷ്‌ട്രപതിയിൽ നിന്ന് സ്വീകരിക്കും.

ഫാൽക്കെ നേടുന്ന രണ്ടാമത്തെ മലയാളിയും ആദ്യ മലയാള നടനുമാണ് ലാൽ. 2004ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണന് സമ്മാനിച്ചിരുന്നു. ഇന്ത്യൻ സിനിമയുടെ വളർച്ചയ്‌ക്ക് നൽകിയ വിസ്‌മയകരമായ സംഭാവനകളാണ് ലാലിനെ അവാർഡിനർഹനാക്കിയത്. പ്രതിഭ, വൈദഗ്ദ്ധ്യം, കഠിനാധ്വാനം എന്നിവയിലൂടെ ഇന്ത്യൻ സിനിമയിൽ സുവർണാദ്ധ്യായം മോഹൻലാൽ രചിച്ചെന്ന് പുരസ്‌കാര നിർണയ സമിതി വിലയിരുത്തി. നടൻ മിഥുൻ ചക്രവർത്തി,​ ഗായകൻ ശങ്കർ മഹാദേവൻ,​ സംവിധായകൻ അശുതോഷ് ഗോവരിക്കർ എന്നിവരുൾപ്പെട്ടതാണ് സമിതി. ഇന്ത്യൻ സിനിമയുടെ പിതാവും ആദ്യ സമ്പൂർണ ഫീച്ചർ ഫിലിമായ രാജാ ഹരിശ്ചന്ദ്രയുടെ സംവിധായകനുമായ ദാദാസാഹേബ് ഫാൽക്കെയുടെ പേരിൽ 1969ലാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.

ഇതിഹാസങ്ങൾക്കൊപ്പം

സത്യജിത് റേ, രാജ്‌കപൂർ, ലതാ മങ്കേഷ്‌കർ, അമിതാഭ് ബച്ചൻ, രജനി കാന്ത്, മിഥുൻ ചക്രവർത്തി. ഭൂപെൻ ഹസാരിക, ദിലീപ്‌കുമാർ, ശിവാജി ഗണേശൻ, ദേവ് ആനന്ദ്, മൃണാൾ സെൻ തുടങ്ങി ഇന്ത്യൻ സിനിമയിലെ മഹാരഥന്മാരുടെ നിരയിലേക്കാണ് ഫാൽക്കേ നേട്ടത്തോടെ ലാലും എത്തുന്നത്. 55-ാമത് ഫാൽക്കെ പുരസ്‌കാരമാണ് അദ്ദേഹം ഏറ്റുവാങ്ങുക.

5 ദേശീയ അവാർഡ്

9 സംസ്ഥാന പുരസ്കാരം

വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ മകനായി 1960 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് ലാലിന്റെ ജനനം. രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരവും ഒൻപത് തവണ സംസ്ഥാന പുരസ്കാരവും നേടി. 2001ൽ പത്മശ്രീയും 2019ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. 2009ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണലായി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും ഡോക്ടറേറ്റ് നൽകിയും ആദരിച്ചു.

മോഹൻലാൽ മികവിന്റെയും വൈവിദ്ധ്യത്തിന്റെയും പ്രതീകമാണ്. പതിറ്റാണ്ടുകളായി മലയാള സിനിമയിലും നാടകങ്ങളിലും പ്രമുഖ വ്യക്തിത്വമായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനമാകട്ടെ.

- പ്രധാനമന്ത്രി നരേന്ദ്രമോദി