ശബരിമല ആത്മീയ ടൂറിസം സർക്യൂട്ട് നടപ്പാക്കണം

Sunday 21 September 2025 12:10 AM IST

പമ്പ: വിവിധ മത തീർത്ഥാടന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ശബരിമല ആത്മീയ ടൂറിസം തീർത്ഥാടന പദ്ധതി നടപ്പാക്കണമെന്ന് അയ്യപ്പ സംഗമത്തിൽ നടന്ന ചർച്ചയിൽ ആവശ്യം. നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും നൽകുമെന്ന് പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ചർച്ചയിലെ മോഡറേറ്ററുമായ ടി.കെ .എ നായർ പറഞ്ഞു. കേരള ടൂറിസം സെക്രട്ടറി കെ.ബിജു, കേരള ട്രാവൽ മാർട്ട് സെക്രട്ടറി എസ്. സ്വാമിനാഥൻ, ധനലക്ഷ്മി ബാങ്ക് ചെയർമാൻ കെ. എൻ .മധുസൂദനൻ എന്നിവരായിരുന്നു പാനലിസ്റ്റുകൾ.

ആത്മീയ ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി ശബരിമലയെ ഉയർത്തിയാൽ പ്രാദേശികമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കുമെന്ന് കെ. ബിജുവും, തീർത്ഥാടകർക്കായുള്ള വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ തമ്മിൽ ഏകോപനവും സഹകരണവുമുണ്ടാകണമെന്ന് കെ. എൻ. മധുസൂദനും പറഞ്ഞു. തീർത്ഥാടന കേന്ദ്രങ്ങളും സംസ്ഥാനത്തെ സാംസ്കാരിക, ഇക്കോ ടൂറിസം കേന്ദ്രങ്ങളും ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം സർക്യൂട്ട് നടപ്പിലാക്കണമെന്ന് എസ്.സ്വാമിനാഥനും ആവശ്യപ്പെട്ടു. നിർദ്ദേശങ്ങൾക്ക് ഫലപ്രദമായ നടപടി ഉണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ.അജികുമാർ പറഞ്ഞു.