അയ്യപ്പസംഗമം കാപട്യം: കെ.സി.വേണുഗോപാൽ
Sunday 21 September 2025 12:10 AM IST
ആലപ്പുഴ: ശബരിമലയിൽ കാണിക്കയായി കിട്ടിയ സ്വർണം പോലും സംരക്ഷിക്കാനാകാത്ത സർക്കാരാണ് അയ്യപ്പസംഗമം നടത്തുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി വിമർശിച്ചു. അയ്യപ്പസംഗമം സർക്കാരിന്റെ കാപട്യമാണ്. ആചാരലംഘനം നടത്തി ശബരിമലയെ കലാപഭൂമിയാക്കി, വിശ്വാസികളെ വേദനിപ്പിച്ചവരാണിവർ. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ഈ ബുദ്ധി ഉദിച്ചത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അധരവ്യായാമമാണ് സർക്കാർ നടത്തുന്നത്. അയ്യപ്പനോടോ ഭക്തരോടോ ഉള്ള സ്‌നേഹമല്ല. അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിച്ചു. ദേവസ്വം ബോർഡിന്റെ പരിപാടിയെന്ന് പറഞ്ഞശേഷം എല്ലാവരെയും ക്ഷണിച്ചത് സർക്കാരാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.