സിനിമാനയം,ചലച്ചിത്രമേഖലയിൽ വരും ഏകീകൃത പെരുമാറ്റച്ചട്ടം

Sunday 21 September 2025 2:08 AM IST

തിരുവനന്തപുരം: സിനിമാ മേഖലയിലെ മോശം പ്രവണതകൾ അവസാനിപ്പിക്കാൻ ഏകീകൃത പെരുമാറ്റച്ചട്ടം തയ്യാറാവുന്നു. കഴിഞ്ഞ മാസം നടന്ന സിനിമാ കോൺക്ലേവിലെ ചർച്ചകളുടെയും പൊതുജന അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണ് പെരുമാറ്രചട്ടത്തിലെ വ്യവസ്ഥകൾ തയ്യാറാക്കുന്നത്. ഒക്ടോബറോടെ നയത്തിലെ വ്യവസ്ഥയിൽ അന്തിമരൂപം വരും. പിന്നീട് നിയമ,തദ്ദേശ,വനം,ധന വകുപ്പുകളുടെ പരിഗണനയ്ക്ക് നയത്തിന്റെ കരട് രൂപം വിടും. തുടർന്ന് നിർദ്ദേശങ്ങൾ പരിഗണിച്ച ശേഷം അന്തിമരൂപം സാസ്കാരിക വകുപ്പിന് കൈമാറും.

അതേസമയം,കാസ്റ്റിംഗ് കൗച്ച് പരാതികൾ അറിയിക്കാൻ രഹസ്യ സംവിധാനം രൂപീകരിക്കണമെന്ന നിർദ്ദേശം തയ്യാറാക്കിവരുന്ന കരട് നയത്തിലും ഇടംപിടിച്ചുവെങ്കിലും ഇത്തരം പരാതികൾ പൊലീസിനു വിടുന്നതിൽ സമിതി നിലവിൽ തീരുമാനമൊന്നുമെടുത്തിട്ടില്ല. കെ.എസ്.എഫ്.ഡി.സി ചെയർമാൻ മധു ചെയർമാനും ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ് കൺവീനറുമായ ഏഴംഗ സമിതിയാണ് സിനിമാനയം തയ്യാറാക്കുന്നത്.

ചലച്ചിത്രനയ രൂപീകരണത്തിനായി സർക്കാർ ആഗസ്റ്റ് 2,3 തീയതികളിൽ സംഘടിപ്പിച്ച സിനിമ കോൺക്ലേവിനു ശേഷം നയരൂപീകരണത്തിൽ പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നു. നൂറോളം നിർദ്ദേശങ്ങളാണ് ലഭിച്ചത്. കോൺക്ലേവിൽ നടന്ന ചർച്ചകളിൽ ഉയർന്ന നിർദ്ദേശങ്ങൾ പട്ടികപ്പെടുത്തിയിട്ടുമുണ്ട്.

ലൈംഗികാതിക്രമം

തടയൽ പ്രധാനം

ലൈംഗികാതിക്രമം തടയാനുള്ള നിയമം കർശനമായി നടപ്പാക്കണമെന്നും അതിന് തയ്യാറാകാകാത്ത നിർമ്മാണ കമ്പനികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നുമുള്ള നിർദ്ദേശം സിനിമാ കോൺക്ലേവിൽ വനിത ചലച്ചിത്ര പ്രവർത്തകർ ഉയർത്തിയിരുന്നു. കൂടാതെ തെറ്റായ പരാതി നൽകുന്ന വിനിതകൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർത്തി. സൈബർ-ഓൺലൈൻ ആക്രമണങ്ങൾ തടയാൻ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കണം. സൈബർ പൊലീസിന് കീഴിൽ ആന്റി പൈറസി സെൽ തുടങ്ങണം എന്നിങ്ങനേയും നിർദ്ദേശങ്ങൾ എത്തിയിരുന്നു.